കൊറോണ വ്യാപനം; ഉത്തർപ്രേദശിൽ ഏപ്രിൽ 30 മുതൽ ലോക്ഡൗൺ
ലഖ്നോ: കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നാളെ (വെള്ളിയാഴ്ച) മുതൽ ലോക്ഡൗൺ. വെള്ളിയാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ് ലോക്ഡൗൺ. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.പിയിൽ ബുധനാഴ്ച 266 പേർക്ക് കൊറോണ മൂലം ജീവൻ നഷ്ടമായിരുന്നു. 29,824 കൊറോണ കേസുകളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ എടുത്തതെന്നാണ് റിപ്പോർട്ട്.
നേരത്തെ, യു.പിയിൽ സർക്കാർ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 20 വരെ നീട്ടി. ഇതിന് പുറമേ എല്ലാ സ്കൂളുകളും മെയ് പതിനഞ്ച് വരെ അടച്ചു. രാത്രി കർഫ്യൂവിന് പുറമെയായിരുന്നു വാരാന്ത്യ ലോക്ഡൗൺ.
ലക്നൗ, അലഹബാദ്, വാരാണസി, പ്രയാഗ്രാജ്, കാൻപൂർ, ഗൗതംബുദ്ധ്നഗർ, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂർ എന്നീ ജില്ലകളിലാണ് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി എട്ടുമണി മുതൽ രാവിലെ ഏഴ് മണിവരെ ആയിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ അറിയിപ്പ് പ്രകാരം അവശ്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാൻ പാടുള്ളു.