ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കന്റെ നഗ്നതാപ്രദർശനം; ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പെൺകുട്ടി

കാസർകോട്: ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കൻ ലൈംഗിക ചേഷ്ടയോടെ നഗ്നതാപ്രദർശനം നടത്തിയതായി പരാതി. കാസർകോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ചാണ് മോശം അനുഭവം ഉണ്ടായതെന്ന് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു. നഗ്നതാപ്രദർശനത്തിന്റെ ദൃശ്യങ്ങൾ പകർത്തി വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകിട്ട് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് ദുരനുഭവം ഉണ്ടായത്. വിദ്യാർത്ഥിനി സ്റ്റാൻഡിൽ നിർത്തിയിട്ട ബസിലിരിക്കുമ്പോഴാണ് തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കർണാടക സ്‌റ്റേറ്റ് ബസിലിരുന്ന മധ്യവയസ്‌കൻ ലൈംഗിക ചേഷ്ടയോടെ നഗ്‌നതാ പ്രദർശനം നടത്തിയത്.
വിദ്യാർത്ഥിനി ഉടൻ തന്നെ തന്റെ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സംഭവത്തിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമൂഹമാധ്യമത്തിൽ പെൺകുട്ടിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.