indiaLatest NewsNationalNews

”ബിൽ അവതരിപ്പിച്ചതിൽ ആശങ്കപ്പെടുന്നത് അഴിമതിക്കാരാർ”; പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലിൽ കഴിയുന്നവർക്കു അധികാരത്തിൽ തുടരാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ ഏത് മന്ത്രിയെയും പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള വ്യവസ്ഥയടങ്ങിയ 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഴിമതിക്കെതിരെ പോരാടാനാണ് ഇത്തരം നിയമനിർമാണം കൊണ്ടുവന്നതെന്ന് മോദി പറഞ്ഞു.

ബിൽ അവതരിപ്പിച്ചതിൽ ആശങ്കപ്പെടുന്നത് അഴിമതിക്കാരാണെന്നും, അത് പാസാകുമ്പോൾ ഇത്തരം ആളുകളുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ ഗയാജിയിൽ നടന്ന പൊതുയോഗത്തിലായിരുന്നു മോദിയുടെ പ്രതികരണം. ജയിലിലായ മന്ത്രിമാരെ പുറത്താക്കുന്ന ബില്ലിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

അറസ്റ്റിലായാൽ മണിക്കൂറുകൾക്കുള്ളിൽ ജോലിയിൽ നിന്ന് പുറത്താകുന്ന സാധാരണ സർക്കാർ ജീവനക്കാരുടെ അവസ്ഥ ചൂണ്ടിക്കാട്ടിയ മോദി, പ്രധാനമന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും സമാനമായ നിലപാട് വേണമെന്നും അഭിപ്രായപ്പെട്ടു. “ഒരു ഡ്രൈവറെയോ ക്ലാർക്കിനെയോ 50 മണിക്കൂർ തടവിലാക്കിയാലും ജോലി നഷ്ടപ്പെടും. എന്നാൽ ഒരു മുഖ്യമന്ത്രിയ്ക്കോ മന്ത്രിയ്ക്കോ ജയിലിൽ നിന്നുപോലും അധികാരം തുടരാം. അത് എങ്ങനെ നീതിയാകും?” – അദ്ദേഹം ചോദിച്ചു.

2024 മാർച്ച് 21-ന് ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ശേഷം തിഹാർ ജയിലിൽ കഴിയുമ്പോഴും മുഖ്യമന്ത്രിയായിരുന്നതിനാൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ അദ്ദേഹം ഉദാഹരണമായി പരാമർശിച്ചു. “ജയിലിൽ നിന്ന് ഫയലുകളിൽ ഒപ്പിടുന്നതും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. നേതാക്കൾക്ക് അത്തരമൊരു മനോഭാവമുണ്ടെങ്കിൽ അഴിമതിക്കെതിരെ എങ്ങനെ പോരാടാനാകും? എൻഡിഎ സർക്കാർ കൊണ്ടുവന്ന നിയമം പ്രധാനമന്ത്രിയെയും ബാധിക്കും”, മോദി വ്യക്തമാക്കി.

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഭരണഘടന (130 ഭേദഗതി) ബിൽ, ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിറ്ററീസ് (ഭേദഗതി) ബിൽ 2025, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025 എന്നിവ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം ബില്ലിന്റെ പകർപ്പ് കീറിയെറിയുകയും ശക്തമായ വിമർശനം ഉയർത്തുകയും ചെയ്തു. ഒടുവിൽ 130-ാം ഭരണഘടനാ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കും.

Tag: “Corrupt people are Corrupt people about the introduction of the bill”: Prime Minister Narendra Modi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button