കണ്ണൂരിൽ ദമ്പതികളെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാണെന്ന് പൊലീസ്

കണ്ണൂർ അലവിലിൽ ദമ്പതികളെ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാണെന്ന് പൊലീസ് പ്രാഥമികമായി നിഗമനം. കല്ലാളം സ്വദേശിയായ പ്രേമരാജൻ, ഭാര്യ എ. കെ. ശ്രീലേഖയെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തൽ. മൃതദേഹത്തിനരികിൽ നിന്നു ചുറ്റികയും പൊലീസ് കണ്ടെത്തി.
സംഭവസ്ഥലത്ത് മൂന്നാമത്തെ ഒരാളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്ത കുടുംബമായിരുന്നെങ്കിലും മക്കൾ ഒപ്പമില്ലാത്തത് പ്രേമരാജനിൽ നിരാശയും മാനസിക സംഘർഷവും ഉണ്ടാക്കിയിരുന്നുവെന്നാണ് വിവരം. ഈ മാനസിക സമ്മർദ്ദമാണ് ദാരുണാന്ത്യത്തിലേക്ക് നയിച്ചതെന്നു കരുതുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവം ഏറെ ദാരുണമാക്കുന്നത്, ബഹ്‌റൈനിൽ നിന്നുള്ള മകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസത്തോടെയാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നതാണ്. ഷിബിനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരാനായി സമീപവാസിയായ സുരേഷ് എത്തിയപ്പോഴാണ് പല തവണ വിളിച്ചിട്ടും പ്രതികരണമൊന്നും ഇല്ലാതെ ഇരുവരും ഫോൺ എടുക്കാതെയും വാതിൽ തുറക്കാതെയും ഇരിക്കുന്നതായി മനസ്സിലായത്. പിന്നാലെ അയൽക്കാരെ കൂട്ടിക്കൊണ്ട് പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസിന്റെ നിർദേശപ്രകാരം വാതിൽ തുറന്നപ്പോൾ ഇരുവരുടെയും മരണം പുറത്തുവന്നു.
അതേസമയം, കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഷിബിൻ വീട്ടിലേക്ക് ടാക്സി വിളിച്ച് വരികയായിരുന്നു. ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന മൂത്ത മകൻ പ്രബിത്ത് അടുത്തിടെയാണ് നാട്ടിലെത്തി തിരികെ പോയത്.
Tag: Couple found burnt inside house in Kannur; Police say it was a murder-suicide