പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയെന്ന് ഇഡി കോടതിയില്‍
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലൂടെ പ്രതികള്‍ വന്‍തോതില്‍ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് ഇഡി് കോടതിയില്‍. പ്രതികളായ തോമസ് ഡാനിയേല്‍, റിനു മറിയം എന്നിവരുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. പോപ്പുലര്‍ ഫിനാന്‍സ് എം ഡി തോമസ് ഡാനിയേല്‍ ഓസ്‌ട്രേലിയന്‍ കമ്പനിയായ പോപ്പുലര്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണെന്നും കമ്പനിയില്‍ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.
നാല് സംസ്ഥാനത്ത് പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നും ഇഡി വ്യക്തമാക്കി.
കമ്പനി മോടിപിടിപ്പിക്കുന്നതിനും, കമ്പനി ഉടമയുടെ മക്കളുടെ വിദേശ പഠനത്തിനും, നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വക മാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി പറഞ്ഞു. പ്രതികളെ വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അതിന് അനുവദിച്ചില്ല.