സംസ്ഥാനത്ത് തപാല്‍ വോട്ടെടുപ്പിന് ഇന്നു തുടക്കം

തിരുവനന്തപുരം: തപാല്‍ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും. ഭിന്നശേഷിക്കാര്‍, 80 വയസ്സു കഴിഞ്ഞവര്‍, കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് തപാല്‍ വോട്ട് ചെയ്യാന്‍ കഴിയുക. പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തി വോട്ടു ചെയ്യിക്കും. പോളിങ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ മുന്‍കൂട്ടി അറിയിക്കും.
സൂക്ഷ്മ നിരീക്ഷകന്‍, രണ്ടു പോളിങ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളില്‍ എത്തുക. സ്ഥാനാര്‍ഥിക്കോ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുളള പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാം.
ബൂത്ത് ലെവല്‍ ഓഫിസര്‍ വീട്ടിലെത്തിയപ്പോള്‍ അപേക്ഷിച്ച 4.02 ലക്ഷം പേര്‍ക്കാണ് തപാല്‍ വോട്ടിന് അവസരം ലഭിക്കുക. ഇവര്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി ഇനി വോട്ട് ചെയ്യാന്‍ കഴിയില്ല.