Kerala NewsLatest NewsNews

കോടതി ഇടപെട്ടു, വിസ തീരും മുന്‍പ് താലികെട്ടി, രാത്രിയില്‍ തന്നെ വരന്‍ വിമാനം കയറി

തൃശൂര്‍: ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലത്തെ ഒരു വിവാഹമാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് കാരണം ഒരു വര്‍ഷത്തോളമായി വിവാഹം മാറ്റിവെക്കേണ്ടിവന്ന വരനും വധുവും കോടതിയുടെ സഹായത്തോടെയാണ് ഇന്നലെ വിവാഹിതരായത്.

യുഎസ് പൗരത്വമുള്ള തിരുവനന്തപുരം പൂഞ്ഞാര്‍ സ്വദേശി മങ്ങാട്ട് ഡെന്നിസ് ജോസഫിന്റെയും മാടക്കത്തറ ചിറയത്ത് മുറ്റിച്ചൂക്കാരന്‍ വീട്ടില്‍ ബെഫി ജീസന്റെയും വിവാഹമാണ് കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ കോടതി വിധിയനുസരിച്ചു നടന്നത്. കഴിഞ്ഞ വര്‍ഷം മേയ് 17നു നടത്താനിരുന്ന വിവാഹം കോവിഡ് മൂലം മുടങ്ങിയിരുന്നു. വിസ അവധി തീരുന്ന അവസാന ദിവസമാണ് അടിയന്തരമായി വിവാഹം നടത്താന്‍ ഹൈക്കോടതി ഡെന്നിസ് ജോസഫിന് അനുമതി നല്‍കിയത്. വിവാഹ രാത്രി തന്നെ വരന്‍ വിമാനം കയറി അമേരിക്കയിലേക്ക് പറക്കുകയും ചെയ്തു.

2020 മെയ് 17നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതു മുടങ്ങി. അവധി ലഭിച്ചതനുസരിച്ച് ഈ വര്‍ഷം മേയ് 15ലേക്ക് വിവാഹം മാറ്റി. ഇതനുസരിച്ചു ഡെന്നിസ് നാട്ടിലെത്തിയപ്പോഴേക്കും വീണ്ടും ലോക്ഡൗണ്‍ ആയി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം 30 ദിവസത്തെ നോട്ടിസ് വേണമെന്നതിനാല്‍ കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് നിയമപ്രകാരം വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ, കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിനുള്ള സാധ്യതയും മങ്ങി.

ലോക്ഡൗണ്‍ ഇളവ് വരുമ്‌ബോള്‍ ഓഫീസ് തുറക്കാന്‍ കാത്തിരുന്നെങ്കിലും ഡെന്നിസിന് യുഎസിലേക്ക് മടങ്ങേണ്ടതിനാല്‍ വിവാഹം പ്രതിസന്ധിയിലായി. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തിയ കോടതി, റജിസ്ട്രാര്‍ ഓഫീസിലെ നോട്ടിസ് ബോര്‍ഡില്‍ വിവാഹ വിവരം മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താന്‍ ഉത്തരവിടുകയായിരുന്നു.

കോടതി നിര്‍ദേശിച്ചത് പ്രകാരം സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് രാവിലെ10.30ന് മുന്‍പായി കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫീസില്‍ രേഖകളെല്ലാം എത്തിച്ചു. ഉച്ചയോടെ നടപടികളെല്ലാം പൂര്‍ത്തിയാക്കി വിവാഹം നടന്നു. വധൂഗൃഹത്തിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഡെന്നീസ് വിമാനത്താവളത്തിലേക്ക് തിരിച്ചു. രേഖകള്‍ എല്ലാം ശരിയായി കഴിഞ്ഞാല്‍ വൈകാതെതന്നെ ബെഫിയും അമേരിക്കയിലേക്ക് പറക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button