നഷ്ടപരിഹാരം നല്‍കിയില്ല; കലക്ടറുടേത് അടക്കം 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്
പത്തനംതിട്ട : റിങ് റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതില്‍ കലക്ടറുടേത് അടക്കം 23 വാഹനങ്ങള്‍ ജപ്തി ചെയ്യും.
നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി സ്ഥല ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടേത് അടക്കം റവന്യു വകുപ്പിന്റെ 23 വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ സബ് കോടതി ഉത്തരിട്ടത്്. 1.14 കോടി രൂപയാണ് കുടിശിക അടക്കം സ്ഥലമുടമയ്ക്ക് ലഭിക്കേണ്ടത്.
അതേസമയം പണം നല്‍കാന്‍ ഇതുവരെ നടപടിയായില്ല. ഇതേ തുടര്‍ന്നാണ്് വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ജപ്തി ചെയ്യുന്ന വാഹനങ്ങള്‍ ലേലത്തില്‍ വയ്ക്കുകയും ഇതില്‍ നിന്ന് ലഭിക്കുന്ന പണം വസ്തുവിന്റെ ഉടമയ്ക്ക് നല്‍കാനുമാണ് കോടതി് ഉത്തരവിട്ടിരിക്കുന്നത്.
പത്തനംതിട്ട നന്നുവക്കാട് കല്ലുപുരയ്ക്കല്‍ പി.ടി.കുഞ്ഞമ്മയാണ് പരാതിക്കാരി. പത്തനംതിട്ട ബി1 ഡി1 റിങ് റോഡിനു വേണ്ടി 2010ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം അനുവദിച്ചു കൊണ്ട് 2012ല്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ 2018ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് 1,14,16,092 രൂപയ്ക്ക് തത്തുല്യമായി വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.