CinemaKerala NewsLatest NewsMovieNews

‘മരട് 357’ സിനിമയുടെ റിലീസ് തടഞ്ഞ് കോടതി

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്നത് പ്രമേയമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമായ ‘മരട് 357’ന്റെ റിലീസ് തടഞ്ഞ് കോടതി. എറണാകുളം മുന്‍സിഫ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിട്ടു. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

മറ്റന്നാള്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍ണായക ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നിക്ഷിപ്‌ത താത്‌പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.

അതേസമയം, സിനിമയില്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ പറയുന്ന പോലെ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു രംഗം പോലുമില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു. ജയറാം നായകനായ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് മരട് 357. ദിനേശ് പളളത്തിന്റേതാണ് സിനിമയുടെ തിരക്കഥ.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button