പാലത്തായി തുടരന്വേഷണം നടത്താൻ കോടതി.

പാലത്തായിയിലെ നാലാംക്ലാസുകാരിയെ ബി.ജെ.പി നേതാവായ അധ്യാപകൻ പത്മരാജൻ പീഡിപ്പിച്ച കേസിൽ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് 2 കോടതിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക കുറ്റപത്രം സ്വീകരിസിച്ചുകൊണ്ടാണ് തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കോടതി അംഗീകരിക്കുന്നത്. സത്യം പുറത്തുവരണമെന്നും കുട്ടിക്ക് നീതി കിട്ടണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.പി. ശശീന്ദ്രൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. വനിത ഐ.പി.എസ് ഓഫിസറെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതാണ് ഉചിതമെന്നും പ്രോസിക്യൂട്ടർ നിർദേശിക്കുകയുണ്ടായി.
മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്ന അന്വേഷണ ഉദ്യോഗസ്ഥർ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മാർഗനിർദേശം പാലിക്കുമെന്ന് വിശ്വസിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥർ അഭിമുഖം നൽകുന്നത് സംബന്ധിച്ച് പ്രതിഭാഗം സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പ്രതികരണം ഉണ്ടായത്. പോക്സോ കോടതി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്തും ഹാജരായിരുന്നു.