മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന ശബ്ദസന്ദേശം തന്റേതെന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ.

കൊച്ചി / മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദമുണ്ടെന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സംഭവത്തിന് പിന്നിൽ പോലീസിലെ ചിലരാണെന്നും സ്വപ്ന ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതേ സമയം സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് നേതൃത്വം നൽകിയിട്ടുള്ളതെന്നാണ് കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം. സ്വപ്ന ഇഡിയുടെ കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരെ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇവരിലൊരാൾ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിക്കുകയും തുടർന്നു ഫോൺ സ്വപ്നയ്ക്കു കൈമാറുകയും ആയിരുന്നു. എന്നാൽ താൻ ഫോണിൽ സംസാരിച്ചപ്പോൾ മറുവശത്ത് ആരാണ് ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്.