
കൊറോണ വൈറസ് വിതക്കുന്ന മഹാമാരി ലോകത്ത് സംഹാര താണ്ഡവമാടുന്നത് തുടരുമ്പോൾ, ലോക ജനത ഉറ്റുനോക്കുന്ന കോവിഡ് വാക്സിന്റെ മനുഷ്യരിൽ ഉള്ള പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു. ഹൈദരാബാദിലെ നിംസിലും, പട്ന എയിംസിലുമാണ് ഇന്ത്യ,മരുന്നിന്റെ മനുഷ്യരിൽ ഉള്ള പരീക്ഷണത്തിലേക്ക് കടന്നിരിക്കുന്നത്.
ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ‘കോവാക്സി’ന്റെ ക്ലിനിക്കൽ ട്രയൽ പട്നയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച ആരംഭിക്കുകയാണ്. 100 പേരിൽ ആണ് ‘കോവാക്സി’ന്റെ ക്ലിനിക്കൽ ട്രയൽ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുക. ക്ലിനിക്കൽ ട്രയലിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) അനുമതി ലഭിച്ച 12 സ്ഥാപനങ്ങളിൽ ഒന്നാണ് പട്ന എയിംസ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) വാക്സിന്റെ മനുഷ്യരിൽ ഉള്ള പരീക്ഷണം ആരംഭിക്കുകയുണ്ടായി. ഐ.സി.എം.ആറിന്റെ പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് രോഗികളുടെ സാമ്പിളുകളിൽനിന്ന് ശേഖരിച്ച കോവിഡ് 19 ന്റെ ജനിതകഘടകങ്ങൾ ഉപയോഗിച്ചാണ് ഭാരത് ബയോടെക്ക് ‘ബിബിവി152 കോവിഡ് വാക്സിൻ’ വികസിപ്പിച്ചത്.
ക്ലിനിക്കൽ പരീക്ഷണങ്ങൾ പരിചയമുള്ള വിദഗ്ധരെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുട്ടുള്ളതെന്നും ആദ്യഘട്ട ട്രയലിനായുള്ള രജിസ്ട്രേഷൻ തുടങ്ങിയെന്നും പട്ന എയിംസ് തലവൻ ഡോ സി.എം. സിങ് ആണ് വെളിപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഘട്ടം പൂർത്തിയാക്കാൻ 28 ദിവസം വേണ്ടിവരും. മനുഷ്യരിലെ പരീക്ഷണം പൂർത്തിയാകാൻ ആറ് മുതൽ എട്ട് മാസം വരെ സമയമെടുക്കും. ക്ലിനിക്കൽ ട്രയലിന് കൂടുതൽ ആളുകൾ സന്നദ്ധത അറിയിക്കുന്നതനുസരിച്ച് പരീക്ഷണം നടത്തുന്നതിന്റെ എണ്ണവും, വേഗതയും കൂടും.
ആദ്യ ഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റ് ഘട്ടങ്ങളിലേക്ക് എയിംസ് കടക്കുക. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. ഡൽഹി, വിശാഖപട്ടണം, റോത്തക്ക്, പട്ന, ബംഗളൂരു, നാഗ്പൂർ, ഗോരഖ്പൂർ, ഹൈദരാബാദ്, ആര്യനഗർ, കാൺപൂർ, ഗോവ, കാട്ടൻകുളത്തൂർ എന്നിവിടങ്ങളിലായി 12 സ്ഥാപനങ്ങളെയാണ് ക്ലിനിക്കൽ പരിശോധനക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 15നകം വാക്സിൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ നേരത്തെ പറഞ്ഞിരുന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.