കോവാക്‌സിൻ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിലേക്ക്, അനുമതി നൽകി കേന്ദ്രം

കോവിഡിനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങളെല്ലാം.ഇന്ത്യ വികസിപ്പിച്ച കോവാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെകാണ് വാക്‌സിൻ വികസിപ്പിച്ചത്. രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി.
ഈ മാസം ഏഴ് മുതൽ പരീക്ഷണം നടത്താനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 380 പേരിലാണ് രണ്ടാം ഘട്ടത്തിൽ പരീക്ഷണം നടത്തുന്നത്. ഒന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കുത്തിവയ്‌പെടുത്തവരിൽ ദോഷകരമായ പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒന്നാം ഘട്ട പരീക്ഷണം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
വൈറസിനെ ചെറുക്കാൻ രൂപപ്പെട്ട ആന്റി ബോഡികളുടെ അളവും സ്വഭാവവും അറിയാൻ പരീക്ഷണം പൂർത്തിയായവരിൽ നിന്ന് രക്ത സാംപിൾ ശേഖരിച്ചു കഴിഞ്ഞു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല.
ഐസിഎംആറിന്റെയും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടേയും സഹകരണത്തോടെ പൂർണമായും തദ്ദേശീയമായി വികസിപ്പിക്കുന്നതാണ് കോവാക്‌സിൻ