98 ൻ്റെ നിറവിൽ മലയാള സിനിമയുടെ മുത്തച്ഛൻ

മോണ കാട്ടിയുള്ള നിഷ്കളങ്കമായ ചിരിയോടെ മലയാളി പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ഇന്ന് 98 ആം പിറന്നാൾ. മുത്തച്ഛനായി തന്നെ അരങ്ങേറി മുത്തച്ഛനായി തന്നെ നിലകൊള്ളുന്ന അപൂർവ്വം നടന്മാരിൽ ഏറ്റവും ജനപ്രിയനാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി.
1922 ഒക്ടോബർ 25 ന് തുലാമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോറോത്ത് പുല്ലേരി വാദ്ധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ജനിച്ചത്. നക്ഷത്ര പ്രകാരം ഇന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് 98 വയസ്സ് തികയും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് പതിവായി നടത്തുന്ന പിറന്നാളാഘോഷം കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഒഴിവാക്കി.

വളരെ യാദൃശ്ചികമായാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി വെള്ളിത്തിരയിലേക്ക് എത്തുന്നത്. മകളുടെ ഭർത്താവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മാത്രമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സിനിമയുമായുള്ള ബന്ധം. ഇതിനിടയിൽ ദേശാടനത്തിൻ്റെ പൂജ കഴിഞ്ഞ് കൈതപ്രത്തിന് ഒപ്പം കോറോത്തെ പുല്ലേരി വാദ്ധ്യാരില്ലത്ത് എത്തിയ സംവിധായകൻ ജയരാജ് തൻ്റെ ഒരു കഥാപാത്രത്തെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയിൽ കണ്ടെത്തി. അതാണ് ഇദ്ദേഹത്തിന് സിനിമയിലേക്ക് വഴി തുറക്കുന്നത്. തുടർന്ന് കൈക്കുടന്ന നിലാവ്, മേഘമൽഹാർ, കല്യാണരാമൻ തുടങ്ങി നിരവധി മലയാള സിനിമയിലും തമിഴിൽ ചന്ദ്രമുഖി, പമ്മൽ കെ സംബന്ധം തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ഐശ്വര്യ റായിയുടെ മുത്തച്ചനായും അഭിനയിച്ചിട്ടുണ്ട്. ആഘോഷങ്ങൾ ഒഴിവാക്കിയെങ്കിലും ഫോണിലൂടെയും നേരിട്ടുമൊക്കെ പ്രമുഖർ അദ്ദേഹത്തിന് പിറന്നാളാശംസകൾ നേർന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ പിറന്നാൾ സമ്മാനം സി പി എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റംഗം ടി ഐ മധുസൂദനൻ കോറോത്തെ ഇല്ലത്തെത്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് കൈമാറി.
