ലോക്ക്ഡൗണ്‍: കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗത്തിലാണ് തീരുമാനം.ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്. ഇളവുകളുടെ ഭാഗമായി കടകളുടെ പ്രവൃത്തി സമയം നീട്ടി. കോവിഡ് ടിപിആര്‍ 15 മുകളിലുള്ള ഡി കാറ്റഗറി പ്രദേശങ്ങളില്‍ ഒഴികെയുള്ള കടകള്‍ രാത്രി എട്ടുവരെ തുറക്കാം.ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
അതേസമയം, വാരാന്ത്യ ലോക്ഡൗണ്‍ തുടരും.നിലവില്‍ കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. ടിപിആര്‍ പത്തില്‍ താഴെ എത്തിയ സാഹചര്യത്തിലാണ് അവലോകന യോഗം നടത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരത്തില്‍ താഴെയായിരുന്നു. ഇത് കേരളത്തെ സംബന്ധിച്ച് ആശ്വാസമായി.
കഴിഞ്ഞ ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ വ്യാപാരികള്‍ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും യോഗത്തില്‍ ചര്‍ച്ചചെയ്തു. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവ് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി വിളിച്ച് യോഗം ഉടന്‍ ചേരും.
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ അവലോകന യോഗവും ഇന്നാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 8 മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി അവലോകന യോഗം നടത്തുക. അസം, നാഗാലാന്റ്, ത്രിപുര, സിക്കിം, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്.