‘ശരീരം മരിച്ചു,ഇതെന്‍റെ അവസാന പ്രഭാത ആശംസയാകാം’ കോവിഡ് ബാധിതയായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി
ന്യൂഡല്‍ഹി: അവസാന പ്രഭാത ആശംസയും നേര്‍ന്ന് കോവിഡ് മുന്‍നിര പോരാളിയായ ഡോക്ടര്‍ മരണത്തിലേക്ക്. മരണത്തെ മുഖാമുഖം കാണുന്നുവെന്ന അവസാന ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് മുംബൈയിലെ 51കാരിയായ ഡോ. മനീഷ ജാദവ് മരണത്തിന് കീഴടങ്ങിയത്.
‘ഇതെന്‍റെ അവസാന പ്രഭാത ആശംസയായിരിക്കാം. ഇവിടെ ഇനി നമ്മള്‍ കണ്ടുമുട്ടിയെന്ന് വരില്ല. എല്ലാവരും സുഖമായിരിക്കുക. എന്‍റെ ശരീരം മരിച്ചു. ആത്മാവ് വിട്ടുപോയിട്ടില്ല, അത് അനശ്വരമാണല്ലോ’ -ഞായറാഴ്ച മനീഷ േഫസ്ബുക്കില്‍ കുറിച്ചു. സെവ്രി ടി.ബി ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസറായിരുന്നു അവര്‍. ക്ലിനിക്കല്‍, അഡ്മിനിസ്ട്രേഷന് ചുമതലയും അവര്‍ വഹിച്ചിരുന്നു.
കോവിഡ് ബാധിതയായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനീഷക്ക് തന്‍റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നു. തുടര്‍ന്നാണ് അവര്‍ ഫേസ്ബുക്കില്‍ തന്‍റെ അവസാന കുറിപ്പ് പങ്കുവെച്ചത്. പിറ്റേദിവസം അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം മരണപ്പെടുന്ന ആദ്യ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ആരോഗ്യപ്രവര്‍ത്തകയാണ് മനീഷയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ഏകദേശം 18,000 ഡോക്ടര്‍മാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചത്. 168 പേര്‍ മരിക്കുകയും ചെയ്തതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.