CovidKerala NewsLatest NewsUncategorized

കൊറോണ രോഗികൾ വർധിക്കുന്നു; കേന്ദ്രത്തോട് ആയിരം മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്‌സിജൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തിൽ ചികിത്സയ്ക്ക് കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്‌സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാം തരംഗത്തിൽ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്‌സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്‌സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്‌സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് കഴിയാവുന്നത്ര ഓക്‌സിജൻ ടാങ്കറുകൾ, പിഎസ് എ പ്ലാന്റുകൾ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കണം. സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിനും 25 ലക്ഷം ഡോസ് കോ വാക്‌സിനും അനുവദിക്കണം. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നീക്കി വെക്കുമ്പോൾ രണ്ടാം ഡോസിന് കാത്തിരിക്കുന്നവരുടെയും ഒന്നാം ഡോസിന് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കണം. കേന്ദ്ര സർക്കാറുമായി യോജിച്ചുകൊണ്ട് കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button