ഇന്ത്യയോടുള്ള ബൈഡന്റെ നയം ഇതാണ്.

വാഷിംഗ്ടൺ/ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ മേഖലയിലെ ഒരു രാജ്യത്തിനും കഴിയില്ലെന്ന് നിയുകത ബൈഡൻ ഭരണകൂടം. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊർജ, സാങ്കേതിക വിദ്യ വിഷയങ്ങളിൽ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയാണ്. ഇന്ത്യക്കും അമേരിക്കയ്ക്കും സഹകരണത്തിന്റെ മികച്ച ചരിത്രമാണ് ഉള്ളത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കാൻ ഏറെ വഴികളുണ്ട്. ബൈഡൻ ഭരണകൂടം അധികാരത്തിലേറുന്നതിനു മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യയോടുള്ള നയം വ്യക്തമാക്കി നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
ജോ ബൈഡൻ യുഗത്തിന് അമേരിക്കയിൽ തുടക്കം കുറിക്കുമ്പോൾ ജോ ബൈഡന്റെ വിദേശനയത്തെ ന്യൂ ഡൽഹി ഉറ്റുനോക്കുകയാണ്. ബൈഡനുമായി നല്ല ബന്ധം ഉറപ്പിക്കണമെന്ന തീരുമാനത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ നീക്കങ്ങൾ ഒരു വശത്ത് നടക്കുകയാണ്. വാഷിംഗ്ടണിലെ അക്രമത്തിൽ കൃത്യമായ നിലപാട് പ്രഖ്യാപിച്ചു കൊണ്ട് നരേന്ദ്ര മോദി ഇന്ത്യയുടെ നയം മാറ്റത്തിൻ്റെ സൂചന വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനോടും ചൈനയോടും അമേരിക്കയുടെ അടിസ്ഥാന നയം മാറില്ലെങ്കിലും ജമ്മുകശ്മീർ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യത്യസ്ത നിലപാട് ബൈഡൻ സ്വീകരിക്കുമോ എന്ന സംശയാണ് നിലവിൽ ഉള്ളത്.
അമേരിക്ക ഒസാമ ബിൻ ലാദനെ അബോട്ടാബാദിൽ വധിക്കുമ്പോൾ ബൈഡൻ വൈസ് പ്രസിഡൻ്റായിരുന്നു. ഭീകരവാദത്തിനുള്ള പാക് പങ്കുകളെക്കുറിച്ച് ബൈഡനോട് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. താലിബാനുമായുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ പാകിസ്ഥാനോട് കടുത്ത നയം ബൈഡൻ ഭരണകൂടം സ്വീകരിക്കുമെന്ന പ്രതീക്ഷയും വേണ്ട.
എച്ച് വൺ ബി വിസയുടെ കാര്യത്തിൽ കൂടുതൽ ഉദാരമായ നിലപാട് ബൈഡൻ സ്വീകരിക്കുമെന്നു തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിലുൾപ്പടെ കാര്യങ്ങളിൽ ഇടപെടാതിരുന്ന ഡോണൾഡ് ട്രംപിനെ പോലെ ജോ ബൈഡൻ ഭരണകൂടം മൗനം തുടരണമെന്നില്ല എന്ന ആശങ്കയും ഇന്ത്യക്കുണ്ട്. ഒരിന്ത്യൻ അമേരിക്കൻ വൈസ് പ്രസിഡൻറായ ആദ്യ ഭരണകൂടം വരുന്ന അവസരത്തിലാണ് ബൈഡന്റെ നയം എന്തെന്നറിയാൻ ഇന്ത്യ കാത്തിരിക്കുന്നത്. ട്രംപും മോദിയുമായുള്ള നല്ല ബന്ധം ഇനിയുള്ള നാളുകളിൽ ചരിത്രമാവുകയാണ്.