കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗണ്‍ലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത 41 പേർ അറസ്റ്റിലായി.

തിരുവനന്തപുരം / കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഡൗണ്‍ലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത 41 പേർ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാനത്തു നടത്തിയ റെയ്ഡിൽ അറസ്റ്റിലായി. 469 സ്ഥലങ്ങളിലാണ് ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി റെയ്ഡ് നടന്നത്. 339 കേസുകൾ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറസ്റ്റിലായവരിൽ ഒരു ഡോക്ടറും ഐടി വിദഗ്ധനും പോലീസ് ട്രെയിനിയും ഉൾപ്പെടുന്നുണ്ട്. ഗൂഗിൾ ക്രോം ഉൾപ്പെടെയുള്ള ബ്രൗസറുകളിലൂടെയും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയും കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നവരുടെ സൈബർസെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഫോണുകൾ നിരീക്ഷിച്ചതിനെ തുടർന്നാണ് അറസ്റ്റുകൾ ഉണ്ടായത്. കുട്ടികളുടെ ദൃശ്യങ്ങളാണെന്നു സ്ഥിരീകരിക്കാൻ കഴിയാത്ത കേസുകളിൽ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുക്കുകയുണ്ടായി. ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് നേതൃത്വം നൽകിയ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനാണു കേരള പോലീസ് ഓപ്പറേഷൻ പി ഹണ്ട് തുടരുന്നത്. ഇന്റർപോളിന്റെ സഹായത്തോടെയാണു നടപടികൾ. രണ്ടുവർഷത്തിനുള്ളിൽ പി ഹണ്ടുമായി ബന്ധപ്പെട്ട് 525 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.