തിരുവന്തപുരത്ത് രോഗം സ്ഥിരീകരിച്ച 259 പേരില്‍ 241 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, കോവിഡ് രോഗ ബാധ കോട്ടയം, പാലക്കാട്, വയനാട്, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിൽ നിന്ന്…

തിരുവന്തപുരത്ത് ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 259 പേരില്‍ 241 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ ശനിയാഴ്ച രോഗം സ്ഥിരീകരിക്കുകയുണ്ടായി. തുമ്പയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം കൂടുകയാണ്. നഗരത്തിലെ തേക്കുമൂട് ബണ്ട് കോളനിയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു.
സെക്രട്ടേറിയറ്റിലേ മൂന്ന് ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിൽ പെടും. കള്ളിക്കാട് സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുകയാണ്. ശനിയാഴ്ച 16 പേര്‍ക്ക് കൂടി പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചു. 3170 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ശനിയാഴ്ച 1172 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17579 ആയി ഉയർന്നിരിക്കുകയാണ്.
കോട്ടയം ജില്ലയില്‍
കോട്ടയം ജില്ലയില്‍ ശനിയാഴ്ച 47 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റസിഡന്റ്് ഡോക്ടര്‍ക്കും രോഗ ബാധ ഉണ്ടായി. വിദേശത്തുനിന്നെത്തിയ അഞ്ചു പേര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നുമായി എത്തിയ ആറു പേര് ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ 57 പേര് ശനിയാഴ്ച രോഗമുക്തരായി. കോട്ടയം ജില്ലയിൽ 557 പേര് കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ 1241 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 683 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 9385 പേര് നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 31834 സാമ്പിളുകള്‍ പരിശോധിച്ചു. ശനിയാഴ്ച മാത്രം 836 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
പാലക്കാട് ജില്ലയില്‍
പാലക്കാട് ജില്ലയില്‍ ശനിയാഴ്ച 47 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ടു പേര്‍ക്കും വിദേശത്തുനിന്നും വന്ന 13 പേര്‍ക്കും ശനിയാഴ്ച രോഗം ബാധിച്ചു. ശനിയാഴ്ച രോഗബാധയുണ്ടായവരില്‍ നാലുപേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും മൂന്നു പേര് വീതം കോഴിക്കോട് ജില്ലകളിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.
ഇതുവരെ 32641 സാമ്പിളുകള്‍ ജില്ലയിൽ നിന്ന് പരിശോധനയ്ക്കായി അയച്ചതില്‍ 31414 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ശനിയാഴ്ച 86 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 149 സാമ്പിളുകള്‍ അയച്ചു. 1730 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1302 പേര് രോഗമുക്തി നേടി. ഇനി 446 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 87923 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ശനിയാഴ്ച മാത്രം 812 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. നിലവില്‍ 10063 പേര് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
വയനാട് ജില്ലയില്‍
വയനാട് ജില്ലയില്‍ ശനിയാഴ്ച 46 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. 44 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര് ഇതര സംസ്ഥാനങ്ങില്‍ നിന്നു വന്നവരാണ്. 5 പേര് ശനിയാഴ്ച രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 670 ആയി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 341 പേര് ജില്ലയിലും 10 പേര് ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
തൃശൂര്‍ ജില്ലയില്‍
തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച 76 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 15 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ശനിയാഴ്ച 54 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 12 പേര്‍ക്കും, കെഎല്‍എഫ് ക്ലസ്റ്ററില്‍ അഞ്ച് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്നും ഏഴ് പേര്‍ക്കും, ഇരിങ്ങാലക്കുട ക്ലസ്റ്ററിലെ ആറ് പേര്‍ക്കും, ചാലക്കുടി ക്ലസ്റ്ററില്‍ നിന്നും രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 19 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
രോഗ ഉറവിടം അറിയാത്ത രണ്ട് പോസിറ്റീവ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 490 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ആകെ കൊവിഡ് പോസറ്റീവായവരുടെ എണ്ണം 1533 ആയി. 1026 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13279 പേരില്‍ 12745 പേര് വീടുകളിലും 534 പേര് ആശുപത്രികളിലുമാണ്.
പത്തനംതിട്ട ജില്ലയില്‍
പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 85 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 14 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 59 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ചങ്ങനാശേരി ക്ലസ്റ്ററുമായി ബന്ധപ്പെട്ട് കോട്ടാങ്ങല്‍ കേന്ദ്രീകരിച്ചും, കുറ്റപ്പുഴ കേന്ദ്രീകരിച്ചും ഓരോ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ജില്ലയില്‍ 42 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
കൊല്ലം ജില്ലയില്‍
കൊല്ലം ജില്ലയില്‍ ശനിയാഴ്ച 35 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശത്ത് നിന്ന് എത്തിയവരും രണ്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രോഗബാധിതരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്.
ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച തലച്ചിറ സ്വദേശിയായ അസ്മാ ബീവിയുടെ മരണം ആണ് കൊവിഡ് മരണമായി സ്ഥിരീകരിച്ചിട്ടുള്ളത്. 53 പേര് ശനിയാഴ്ച രോഗമുക്തി നേടി ആശുപത്രി വിട്ടു. നീണ്ടകര പഞ്ചായത്തിലെ രണ്ട്, മൂന്ന്, 12 എന്നീ വാര്‍ഡുകള്‍ പുതിയതായി കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചു. പനയം, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ
എറണാകുളം ജില്ലയിൽ രണ്ട് ആരോഗ്യപ്രവർത്തകർക്കുൾപ്പടെ 59 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. കർഫ്യൂ നിലനിൽക്കുന്ന ഫോർട്ട് കൊച്ചി മേഖലയിൽ നിന്നാണ് കൂടുതൽ രോഗികൾ ഉള്ളത്. 10 പേർക്കാണ് ഫോർട്ട് കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചത്. 4 നാവിക സേന ഉദ്യോഗസ്ഥർക്കും കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ജില്ലയിൽ 32 പേർ രോഗ മുക്തി നേടി.
ആലപ്പുഴ ജില്ലയിൽ
ആലപ്പുഴ 65 പേർക്ക് ആണ് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ടുപേർ വിദേശത്തുനിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 46 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കൂടാതെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 100 പേർ ജില്ലയിൽ രോഗമുക്തരായി.