ദൃശ്യം ഹിന്ദിയുടെ സംവിധായകൻ നിഷികാന്ത് കാമത്ത് അന്തരിച്ചു

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് (50) അന്തരിച്ചു. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയത് നിഷികാന്ത് ആയിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കരള്‍ രോഗം കലശലായതിനെത്തുടര്‍ന്ന് ജൂലൈ 31 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ നിഷികാന്ത് അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നടന്‍ റിതേഷ് ദേശ്മുഖ് വാര്‍ത്ത തള്ളുകയും നിഷികാന്ത് വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ആണെന്നും അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ നിഷികാന്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു റിതേഷ് ട്വീറ്റ് ചെയ്തു.
2005ല്‍ മറാഠി ചിത്രം ദോംബിവാലി ഫാസ്റ്റ് എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച നിഷികാന്ത്, ഹവാ ആനെ ദേ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയത്തിലും ചുവടുവക്കുകയായിരുന്നു. 2008ൽ റിലീസ് ചെയ്ത മുംബൈ മേരി ജാൻ ആണ് നിഷികാന്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. ഫോർസ്, റോക്കി ഹാൻഡ്സം, മഡാരി, ലായി ഭാരി എന്നിവയാണ് സംവിധാനം ചെയ്ത സിനിമകൾ. ഡാഡി, ജൂലി 2, റോക്കി ഹാൻഡ്സം, ഭവേശ് ജോഷി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന സിനിമകൾ.