ട്വന്റി 20 പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പോലീസ് സംരക്ഷണം ഇല്ല; ഹൈക്കോടതി.
കൊച്ചി: ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഐക്കരനാട്, കുന്നത്തുനാട്, മഴവന്നൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ഡീനാ ദീപക്, എംവി നിതമോള്‍, ബിന്‍സി ബൈജു എന്നിവര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ തള്ളിയത്.
തങ്ങള്‍ക്കും ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ പഞ്ചായത്തുകളിലോ പരിസര പ്രദേശങ്ങളിലോ ഇതുവരെ അക്രമാസക്തമായ സാഹചര്യം ഉണ്ടായിട്ടില്ല. അതിനാല്‍ ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പഞ്ചായത്ത് സമിതി യോഗമോ സ്റ്റാന്‍ഡിങ് കമ്മിറ്റി, ആസൂത്രണ സമിതി, വര്‍ക്കിങ് ഗ്രൂപ്പ്, ഗ്രാമ സഭാ യോഗങ്ങളോ സമാധാനപരമായി നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മതിക്കുന്നില്ലെന്നും. പ്രതിപക്ഷം നിരന്തരമായി ഭീഷണിപ്പെടുത്തുകയാണെന്നും കാണിച്ചായിരുന്നു ഭരണപക്ഷ അംഗങ്ങള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഈ ഹര്‍ജിയാണ് കോടതി തള്ളിയിരിക്കുന്നത്. അതേസമയം ഹര്‍ജിയില്‍ പറയുന്ന പ്രകാരം അക്രമാസക്തമാകുന്ന സാഹചര്യം ഉണ്ടായാല്‍ പോലീസ് സ്റ്റേഷനിലോ റൂറല്‍ എസ്പിയുടെ മുമ്പിലോ ഹര്‍ജിക്കാര്‍ക്ക് പരാതി നല്‍കാം എന്ന വ്യവസ്ഥയും ഹൈക്കോടതി മുന്നോട്ടു വച്ചു.