ന്യൂഡൽഹി: രാജ്യത്തെ പ്രായപൂർത്തിയായ മുഴുവൻ പേർക്കും കുത്തിവയ്പ്പ് നൽകുന്ന കൊവിഡ് 19 പ്രതിരോധത്തിന്‍റെ മൂന്നാംഘട്ടം നാളെ തുടങ്ങുകയാണ്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കൊവിഷീൽഡും ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണു രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്ന വാക്സിനുകൾ. ജൂൺ പകുതിയോടെ റഷ്യയുടെ സ്പുട്നിക്ക്- 5 കൂടി എത്തും.
കൊവാക്സിൻ രണ്ടു ഡോസുകൾ 28 ദിവസത്തെ ഇടവേളയിലാണ് സ്വീകരിക്കേണ്ടത്. കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കേണ്ടത് ആറ്- എട്ട് ആഴ്ചകളുടെ ഇടവേളകളിലും. എന്നാൽ, ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചശേഷം കൊവിഡ് 19 ബാധിച്ചാൽ രണ്ടാം ഡോസ് എപ്പോഴെടുക്കണമെന്നതിൽ എല്ലാവർക്കും ആശയക്കുഴപ്പമുണ്ട്. ഇതിനുത്തരം നൽകുകയാണ് ഐസിഎംആറിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. രമാകാന്ത് പാണ്ഡെ.
ഒരു ഡോസ് വാക്സിൻ സ്വീകരിച്ചശേഷം കൊവിഡ് ബാധിച്ചാൽ രോഗം ഭേദമാകുകയും എല്ലാ ലക്ഷണങ്ങളും മാറുകയും ചെയ്തശേഷം 2-4 ആഴ്ച കഴിഞ്ഞാൽ അടുത്ത ഡോസ് വാക്സിൻ സ്വീകരിക്കാമെന്നാണു പാണ്ഡെയുടെ ഉപദേശം
ആദ്യ ഡോസ് സ്വീകരിക്കാനിരിക്കെ കൊവിഡ് ബാധിച്ചാൽ രോഗമുക്തി നേടി ലക്ഷണങ്ങൾ പൂർണമായും ഇല്ലാതായശേഷം ഒന്നു മുതൽ മൂന്നു വരെ മാസത്തിനുശേഷം വാക്സിൻ സ്വീകരിക്കാം. കൊവിഷീൽഡും കൊവാക്സിനും രോഗത്തെ പൂർണമായും ചെറുക്കുന്നതല്ലെന്നും ഡോ. പാണ്ഡെ. ഭാവിയിൽ രോഗം വന്നാലും ഗുരുതരമാകുന്നത് തടയാൻ വാക്സിനുകൾക്കു കഴിയും. രണ്ടു ഡോസ് വാക്സിനെടുത്ത ഒരാൾക്ക് രോഗം വന്നാലും വീണ്ടും വാക്സിൻ സ്വീകരിക്കേണ്ട കാര്യമില്ല.
ലക്ഷണങ്ങളില്ലാതെ രോഗം ബാധിച്ചിരിക്കെ ചിലർ വാക്സിനെടുത്തിട്ടുണ്ടാകാം. എങ്കിലും പേടിക്കേണ്ട കാര്യമില്ലെന്നും പാണ്ഡെ. അങ്ങനെ വാക്സിൻ സ്വീകരിച്ചവരിൽ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടാകില്ല.
ഒരിക്കൽ രോഗം വന്നു എന്നതു കൊണ്ടു വാക്സിൻ ഒഴിവാക്കരുതെന്നും പാണ്ഡെ. രോഗം വന്നതുകൊണ്ട് ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക പ്രതിരോധം ആറു മുതൽ ഒമ്പതു വരെ മാസം മാത്രമേ നിലനിൽക്കൂ. എന്നാൽ, വാക്സിൻ സ്വീകരിച്ചവരിൽ കൂടുതൽ കാലം പ്രതിരോധം നിലനിൽക്കുമെന്നും പാണ്ഡെ പറഞ്ഞു.