CovidCrimeKerala NewsLatest NewsLaw,Politics

ഇന്നലെ അട്ടപ്പാടിയില്‍ ഊര് മൂപ്പനും കുടുംബത്തിനും പൊലീസ് വക കയ്യേറ്റം, ഇന്ന് ആദിവാസി ഗോത്രവര്‍ഗദിനം ആഘോഷിച്ച് സര്‍ക്കാര്‍

ലോകം അതിവേഗത്തില്‍ വെട്ടിക്കളഞ്ഞുകൊണ്ടിരിക്കുന്ന സമൂഹമാണ് ആദിവാസികള്‍. അവരുടെ സംസ്‌കാരവും ഭാഷകളും അവരെക്കാള്‍ വേഗം അപ്രത്യക്ഷമാവുന്നു. ഏറ്റവും കൂടുതല്‍ ആദിവാ സികള്‍ അധിവസിക്കുന്ന ഇടമാണ് ഇന്ത്യ.
ഇന്നലെ അട്ടപ്പാടിയില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഊരുമൂപ്പനെയും മകനെയും പിടികൂടിയതായി പരാതി ഉയര്‍ന്നിരുന്നു. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചൊറിയ മൂപ്പനെയും, മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീിന്‍രെ ഈ നടപടി.

പൊലീസ് മുരുകന്റെ പതിനേഴ് വയസുകാരനായ മകന്റെ മുഖത്തടിച്ചതായും പരാതിയുണ്ട്. സ്ത്രീകളെയും പൊലീസ് ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചുവെന്നും ആരോപണമുണ്ട്.ആദിവാസി സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.ഇതേ സമയത്ത് തന്നെയാണ് ഇന്ന് ആദിവാസി ഗോത്രവര്‍ഗദിനം സര്‍ക്കാര്‍ ആഘോഷമാക്കുന്നത്.

അന്താരാഷ്ട്ര ആദിവാസി ഗോത്ര വര്‍ഗദിനമായ ഇന്ന് -ആഗസ്റ്റ് 9 മുതല്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെയുള്ള ഒരാഴ്ചക്കാലം സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ ആണ് സംഘടിപ്പിക്കുന്നത്. ഭൂമിയുടെ അവകാശികളായ പ്രാക്തന ഗോത്രവര്‍ഗ്ഗ ജനതയെ മുഖ്യധാരായോടൊപ്പം ചേര്‍ത്തുപിടിക്കുകയെന്ന ഉദ്ദേശ്യത്തോടെ 1994 മുതലാണ് ഐക്യരാഷ്ട്രസഭ ആഗസ്റ്റ് 9 ആദിവാസി ഗോത്ര വര്‍ഗദിനമായി ആചരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ‘ഗോത്രാരോഗ്യവാരം’ എന്ന പേരില്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ മനുഷ്യാവകാശം, വിദ്യാഭ്യാസം, ജീവിത സാഹചര്യം, വികസനം, ആരോഗ്യം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം സൃഷ്ടിക്കലാണ് ലക്ഷ്യം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗോത്രവിഭാഗ ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് മുഖ്യപ്രാധാന്യം നല്‍കി ‘ആദിവാസി ജനത- ആരോഗ്യ ജനത’ എന്ന സന്ദേശമുയര്‍ത്തിയാണ് ഗോത്രാരോഗ്യവാരം നടത്തുന്നത്.

ഇതോടനുബന്ധിച്ച് ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണ്ണയ ക്ലിനിക്കുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍, ലഹരി വിരുദ്ധപ്രചരണങ്ങള്‍, വികസന രൂപരേഖ തയ്യാറാക്കല്‍, ചരിത്ര രചന, പാരമ്പര്യ വൈദ്യന്മാരെ ആദരിക്കല്‍, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ എന്നിവ സംഘടിപ്പിക്കും.

വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന ആദിവാസി കുട്ടികളെ പുനരാനയിക്കാനും ഗോത്രഭാഷ, ഗോത്രലിപി, ഗോത്ര ഊരുകളുടെ ചരിത്രം എന്നിവ രേഖപ്പെടുത്തി സംരക്ഷിക്കാനും ഊരുകളുടെ സമഗ്രവികസനത്തിന് ‘മൈക്രോ ലെവല്‍ പ്ലാനിംഗ്’ ആംരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും,തദ്ദേശ ആരോഗ്യ വകുപ്പുകളുടെയും ശുചിത്വമിഷന്‍, സാക്ഷരതാ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കും

ഗോത്രാരോഗ്യ വാരത്തിന്റെ ഉദ്ഘാടനം ഇന്ന് 12.30ന് പട്ടികജാതി പട്ടികവര്‍ഗ -പിന്നാക്കവിഭാഗ വികസന മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഊരുമൂപ്പന്മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, എസ്.ടി പ്രൊമോട്ടര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button