സംസ്ഥാനത്ത് സ്കൂളുകൾ തുറക്കില്ല, ആൾക്കൂട്ട വിലക്ക് നാളെ മുതൽ പ്രാബല്യത്തിൽ

കേരളത്തിൽ സ്കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. തിയേറ്ററുകളും മൾട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിർദേശവും കേരളം ഇപ്പോൾ നടപ്പാക്കില്ല.
നാലാംഘട്ട തുറക്കൽ മാർഗനിർദേശങ്ങളിൽ സാമൂഹിക, സാംസ്കാരിക, മതചടങ്ങുകൾക്ക് നൂറുപേർവരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡിന്റെ സൂപ്പർ സ്പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് ഈ നിയന്ത്രണം. കഴിഞ്ഞമാസം 21 മുതലാണ് കേന്ദ്രം ഇളവുനൽകിയത്.
വിവാഹങ്ങൾക്കും മരണാനന്തരച്ചടങ്ങു
കൾക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇക്കാര്യങ്ങളിൽ നിലവിലുള്ള ഇളവുകൾമാത്രം മതിയെന്നാണു തീരുമാനം. വിവാഹങ്ങൾക്ക് 50, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ എന്ന നിയന്ത്രണം തുടരും.
സാമൂഹിക അകലം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് നാളെ മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി.അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. ശനിയാഴ്ച്ച രാവിലെ ഒൻപത് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങൾ കണക്കിലെടുത്ത് കളക്ടർമാർക്ക് കൂടുതൽ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു.കൺടെയ്ൻമെന്റ് സോണുകളിലും രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കർശന നിയന്ത്രണമുണ്ടാകും