ആരോഗ്യമേഖലയിൽ കുതിച്ചുയർന്ന് നാനോടെക്നോളജി
കൊച്ചി : 1990-കളുടെ തുടക്കത്തിലാണ് നാനോ ടെക്നോളജി ആരോഗ്യമേഖലയിലേക്ക് എത്തുന്നത്. മൈക്രോമീറ്ററിനേക്കാൾ വളരെ കുറവായ അളവുകളിൽ പദാർത്ഥങ്ങൾ നിർമ്മിക്കുമ്പോൾ വ്യത്യസ്തമായതൊന്ന് സംഭവിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യമേഖലയിൽ നാനോടെക്നോളജി കുതിച്ചുയരാൻ സഹായിച്ചത്. ചില വസ്തുക്കൾ ചാലകമാകുന്നു, ചിലത് ഉരുക്ക് പോലെ ശക്തമാവുന്നു, അല്ലെങ്കിൽ പ്രതിരോധശേഷിയുള്ളവ, അതുമല്ലെങ്കിൽ റേഡിയേഷൻ ആഗിരണം ചെയ്യുന്നവ. ഇങ്ങനെ ഏതെങ്കിലുമൊന്ന് സംഭവിക്കുന്നുവെന്നാണ് കണ്ടെത്തിയത്.
ലോകമെമ്പാടും 400 പ്രമുഖ നാനോടെക് കമ്പനികളുണ്ട്. അതിൽ പകുതിയും നാനോ മെഡിസിനുമായി ബന്ധപ്പെട്ടതാണ്. ഈ കമ്പനികളുടെ വിറ്റുവരവ് ഏകദേശം 100 ബില്ല്യൺ ഡോളറാണ്. ആരോഗ്യസംരക്ഷണത്തിൽ നാനോ ടെക്നോളജിയുടെ സാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഇന്ത്യ വളർച്ചയുടെ പാതയിലാണ്. ആഗോളതലത്തിൽ നാനോടെക് പ്രൊഫഷണലുകളെ വേണ്ടത് 20 ലക്ഷമാണ്. അതിൽ അഞ്ച് ലക്ഷം പ്രൊഫഷണലുകളെ ഇന്ത്യയിൽ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ മികച്ച 30, 40 നാനോടെക് കമ്പനികളുണ്ട്. അവയിൽ പകുതിയും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിൽ മാത്രം നാനോടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണം 60 ആയി ഉയർന്നു. നാനോ ടെക്നോളജി ഇന്ത്യയിൽ അതിവേഗം വളരുന്ന ശാസ്ത്രശാഖയായി മാറികഴിഞ്ഞു.
നാനോടെക്നോളജിലൂടെ വികസിപ്പിച്ചെടുക്കുന്ന മരുന്നുകൾക്ക് ചർമ്മത്തിൽ എളുപ്പത്തിൽ തുളച്ചുകയറാനും പ്രവർത്തിക്കുവാനും കഴിയും. അതുകൊണ്ട് തന്നെ മരുന്നുകളുടെ ഫലം പെട്ടെന്ന് തന്നെ അറിയാൻ സാധിക്കും. രോഗബാധയുള്ള ചെറിയ കോശങ്ങൾ കണ്ടെത്തി അതിലേക്ക് മാത്രം നാനാ മെഡിസിനുകൾ ഇൻജെക്ട് ചെയ്യാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുവഴി പാർശ്വഫലങ്ങൾ കുറയ്ക്കുവാനും കഴിയും.
കാൻസർ ചികിത്സയിൽ കീമോ ചെയ്യുമ്പോൾ മരുന്നുകൾ ആരോഗ്യകരമായ കോശങ്ങളെ കൊല്ലുന്നു. മരുന്നുകൾ കാൻസർ കോശങ്ങളിലേക്ക് മാത്രം ഇൻജെക്ട് ചെയ്യാൻ കഴിയുമെങ്കിൽ മറ്റ് കോശങ്ങൾ നശിക്കാനുള്ള സാധ്യത ഇല്ലാതാകും. ഇത് നാനോ മെഡിസിൻ വഴി സാധ്യമാകും.
കൂടാതെ നാനോ മെഡിസിനുകൾക്ക് തലച്ചോറിലേക്ക് പെട്ടെന്ന് ഇൻജെക്ട് ചെയ്യാൻ കഴിയും. അൽഷിമേഴ്സ്, മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, പാർക്കിൻസൺസ്, അപസ്മാരം എന്നിവ പോലുള്ള മസ്തിഷ്‌ക രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകാനും കഴിയും. സെല്ലുകളിലെ ജനിതക വൈകല്യങ്ങൾ തിരഞ്ഞെടുത്ത് ചികിത്സിക്കാൻ കഴിയുന്ന CRISPR-CAS9 എന്ന സാങ്കേതികവിദ്യയുടെ വരവോടെയാണ് ഇതെല്ലാം സാധ്യമായത്. ഈ സാങ്കേതിക വിദ്യയ്ക്ക് നോബേൽ സമ്മാനവും ലഭിച്ചിട്ടുണ്ട്.
ആരോഗ്യസംരക്ഷണത്തിൽ നാനോ ടെക്നോളജിയിൽ അതിവേഗം വളരുന്ന മറ്റൊരു മേഖലയാണ് പുതിയതും കൂടുതൽ സങ്കീർണ്ണവുമായ ഇംപ്ലാന്റുകളുടെ വികസനം. ഓർത്തോപീഡിക്സിലും ഡെന്റൽ വിഭാഗങ്ങളിലുമാണ് ഇംപ്ലാന്റുകളുടെ വികസനം കൂടുതലായി നടക്കുന്നത്. ഇവയെ കൂടാതെ ഹാർട്ട് വാൽവുകൾ, കരൾ, രക്തക്കുഴലുകൾ തുടങ്ങിയവയിലും കൂടുതൽ ഇംപ്ലാന്റുകൾ നടക്കുന്നുണ്ട്. നാനോവസ്തുക്കൾ ഉപയോഗിച്ച് ഒരു സമ്പൂർണ്ണ അവയവം നിർമ്മിക്കുക എന്നതാണ് ഹോളി ഗ്രെയ്ൽ. കാഴ്ചയില്ലാത്തവരെ സഹായിക്കുന്ന ബയോണിക് കണ്ണുകളുടെ പരീക്ഷണം പരിഗണനയിലാണ് . നാനോടെക്നോളജി ഉപയോഗിച്ചുള്ള സൂക്ഷ്മമായ മെഡിക്കൽ ഉപകരണങ്ങളുടെ ഉത്പാദനവും വേഗതയാർജിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് നാനോ ടെക്നോളജിയുടെ സുവർണ കാലഘട്ടമാണ് വരാനിരിക്കുന്നത്. നിക്ഷേപകർക്കും വ്യക്തികൾക്കും അനന്തമായ സാധ്യതകൾ ഈ രംഗത്ത് ഉണ്ടാകുമെന്നതിൽ തർക്കമില്ല.