കോവിഡ് ഐസിയു കിട്ടിയില്ല: തൃശൂരില്‍ 4 മണിക്കൂര്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്ന വയോധിക മരിച്ചു
തൃശൂര്‍; കോവിഡ് ഐസിയു കിട്ടാതെ 4 മണിക്കൂര്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്ന വയോധിക മരിച്ചു. തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധികം വൈകാതെയായിരുന്നു മരണം. വാടാനപ്പള്ളി തൃത്തല്ലൂര്‍ പുതിയ വീട്ടില്‍ ഫാത്തിമ (78) യാണ് മരിച്ചത്.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്. അപ്പോള്‍ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐസിയു ലഭ്യമല്ലായിരുന്നു. അവിടെ നിന്നു ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് വഴിയാണു കോവിഡ് രോഗികളെ കൊണ്ടുവരേണ്ടതെന്ന വിവരം അറിയുന്നത്. രാത്രി 12.05ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ആറോടെ മരിച്ചു.
ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് വഴി രോഗികളെ കൊണ്ടുവരണമെന്നാണു നിര്‍ദേശമെന്നും രോഗിയെ പ്രവേശിപ്പിക്കുമ്ബോള്‍ തന്നെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീദേവി അറിയിച്ചു. എന്നാല്‍, സ്ഥിതി മോശമാവും മുന്‍പേ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമായിരുന്നു എന്നു ബന്ധുക്കള്‍ പറയുന്നു.