CovidKerala NewsLatest NewsPolitics

കേരളത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമോ? മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: കോവിഡ് ഇളവുകളെപ്പറ്റി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്താനായി ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് അവലോകന യോഗത്തില്‍ പങ്കെടുക്കുക.

കേരളത്തിലെ കോവിഡ് വ്യാപനതോത് നിരീക്ഷിച്ചായിരിക്കും നടപടികള്‍ കൈകൊള്ളുക. നിലവില്‍ കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. ടിപിആര്‍ പത്തില്‍ താഴെ എത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും പതിനായിരത്തില്‍ താഴെയായിരുന്നു. ഇത് കേരളത്തെ സംബന്ധിച്ച് ആശ്വാസമാണ്.

ശനിയും ഞായറുമുള്ള ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ തല്‍ക്കാലം തല്‍സ്ഥിതി തുടര്‍ന്നേക്കും. റസ്റ്ററന്റുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതി ഉടന്‍ ഉണ്ടാവില്ല. അതേസമയം അവശ്യസാധനങ്ങളുടെ കടകളുടെ സമയം രാത്രി ഒന്‍പതു വരെ നീട്ടുന്നത് പരിഗണിയിലുണ്ട്. പുതിയ ടിപിആറിന്റെ അടിസ്ഥാനത്തില്‍ നാലു മേഖലകളായി തിരിക്കുന്നത് പുനക്രമീകരിച്ചേക്കും.

വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്കിന് ഇടയാക്കുന്നുണ്ട്. അതിനാല്‍ എല്ലാദിവസവും കടകള്‍ തുറക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ അവലോകന യോഗവും ഇന്നാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 8 മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി അവലോകന യോഗം നടത്തുക. അസം, നാഗാലാന്റ്, ത്രിപുര, സിക്കിം, മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button