ഉത്തര്‍പ്രദേശ്: മകളുമായി ഒളിച്ചോടാന്‍ ശ്രമിച്ച കാമുകനെ പിതാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു. ഉത്തര്‍പ്രദേശിലെ ബഡോഹി സ്വദേശിയായ ഷാഹില്‍ ഹാഷ്മിയെയാണ് പിതാവും സഹോദരനുമടക്കം 11 പേര്‍ ചേര്‍ന്ന് ക്രൂരമായി കൊന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ പിതാവ് ഷാബിര്‍ ഹാഷ്മി, സഹോദരന്‍ ഖാസിം, ബന്ധുക്കളായ ഘുലാം അലി, ഷാഹിദ്, രുസ്താമലി, തസ്ലിം, അബ്ദുല്ല, ഫിറോസ്, റിയാസ്, ഇബ്രാഹിം എന്നിവര്‍ക്കെതിരയാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് ജൂണ്‍ 19 നായിരുന്നു.
വീട്ടുകാരുടെ സമ്മതമില്ലാത്തതിനാല്‍ പെണ്‍കുട്ടി ഷാഹില്‍ ഹാഷ്മിയുടെ കൂടെ രത്‌നഗിരി ട്രെയിനില്‍ ഒളിച്ചോടുകയായിരുന്നു. സംഭവം അറിഞ്ഞ പിതാവും സംഘവും പിന്തുടര്‍ന്നെത്തി ഹാഷ്മിയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ച്ചയില്‍ ഗുരുതര പരിക്കേറ്റ ഹാഷ്മി ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയായിരുന്നു.
അതേസമയം ഹാഷ്മിക്ക് അപകടത്തില്‍ പരിക്കേറ്റതാണെന്നാണ് ആദ്യം പോലീസ് കരുതിയത്. എന്നാല്‍ ഹാഷിം മകളെ തട്ടികൊണ്ടുപോയെന്ന പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതി അന്വേഷിച്ചതിലൂടെ ഹാഷിമിനെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് പോലീസ് നിഗമനത്തില്‍ എത്തുകയായിരുന്നു.