പ്രവാസികള്‍ക്ക് ഇനി കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, 72 മണിക്കൂര്‍ കാലാവധി

മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം പ്രവാസികള്‍ക്ക് അപ്രതീക്ഷിത ആഘാതമായി. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഇത് സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് എയര്‍പോര്‍ട്ടില്‍ ഹാജരാക്കിയാല്‍ മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കൂ. ഇതിന് പുറമെ, നാട്ടിലെത്തുന്ന വിമാനത്താവളത്തില്‍വെച്ച് വീണ്ടും കോവിഡ് പരിശോധനക്ക് വിധേയരാകണം. ഇതിനുള്ള പണം യാത്രക്കാര്‍ അടക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
ഫെബ്രുവരി 22 മുതല്‍ പുതിയനിയമം പ്രാബല്യത്തില്‍ വരുന്നതോടെ പ്രവാസികളുടെ യാത്ര ദുഷ്കരമാകും. ഇതുവരെ ബഹ്റൈനില്‍നിന്ന് നാട്ടിലേക്ക് പോകുന്നതിന് ഇത്തരം നിബന്ധനകളില്ലായിരുന്നു. സുവിധ വെബ്സൈറ്റില്‍ നാട്ടിലെ വിലാസവും മറ്റ് വിവരങ്ങളും ചേര്‍ക്കുകയും ക്വാറന്റീനില്‍ കഴിഞ്ഞുകൊള്ളാമെന്ന സത്യവാങ്മൂലം നല്‍കുകയും ചെയ്താല്‍ മതിയായിരുന്നു. നാട്ടിലെ വിമാനത്താവളത്തിലും കോവിഡ് പരിശോധന നിര്‍ബന്ധമായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ അനിവാര്യമാണെങ്കിലും പ്രവാസികള്‍ക്ക് മാത്രമേ ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമാകുന്നുള്ളൂ എന്നാണ് പ്രവാസി സംഘടനാ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നത്. നാട്ടില്‍ പല സ്ഥലങ്ങളിലും വന്‍ ആള്‍ക്കൂട്ടമുള്ള പരിപാടികള്‍ അരങ്ങേറുമ്പോഴാണ് പ്രവാസികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ചുമത്തുന്നതെന്നും അവര്‍ പറയുന്നു.