ബസും ലോറിയും വിന്റേജ് വാഹനമല്ല; വിന്റേജ് രജിസ്‌ട്രേഷന് അര്‍ഹതയുള്ളത് 50 വര്‍ഷമായ കാറിനും ഇരുചക്ര വാഹനത്തിനും
ലോറിയും ബസും വിന്റേജ് വാഹനമല്ല. 50 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കും മാത്രമാണ് പഴയവാഹനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വിന്റേജ് രജിസ്‌ട്രേഷന് അര്‍ഹതയുള്ളത്. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വാണിജ്യ വാഹനങ്ങളൊന്നും വിന്റേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുച്ചക്രവാഹനങ്ങള്‍ , ബസ്, ലോറി, മിനിവാനുകള്‍, തുടങ്ങി പല വാഹനങ്ങളും പട്ടികയ്ക്ക് പുറത്താണ്. വിന്റേജ് രജിസ്‌ട്രേഷന്റെ സംരക്ഷണമില്ലെങ്കില്‍ പഴയവാഹനങ്ങളുടെ പൊളിക്കല്‍ നിയമമനുസരിച്ച് ഇവയൊക്കെ നശിപ്പിക്കേണ്ടിവരും.
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിന്റേജ് രജിസ്‌ട്രേഷന് അര്‍ഹതയുണ്ടാകില്ല. നിലവിലെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ സഹിതമാണ് ഇതിന് അപേക്ഷിക്കേണ്ടത്. സിനിമാ ഷൂട്ടിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന വിവിധതരം പഴയവാഹനങ്ങളുണ്ട്. ഇവയ്ക്ക് പുതിയ നിയമം സംരക്ഷണമേകില്ല.
സംസ്ഥാനത്തെ വാഹനങ്ങള്‍ക്ക് ‘വി.എ.കെ.എല്‍.’ എന്നാണ് നമ്പര്‍ ആരംഭിക്കുക. ഇതില്‍ ‘വി.എ.’ വിന്റേജിന്റെയും ‘കെ.എല്‍.’ സംസ്ഥാനത്തിന്റെയും കോഡാണ്. വിന്റേജ് രജിസ്‌ട്രേഷന്‍ നമ്പറിനൊപ്പം പഴയ രജിസ്‌ട്രേഷന്‍ നമ്പറും വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. 20,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പത്തുവര്‍ഷമാണ് കാലാവധി. രജിസ്‌ടേഷന്‍ പുതുക്കുന്നതിന് 5000 രൂപ അടയ്ക്കണം.
ഇറക്കുമതിചെയ്ത വാഹനങ്ങള്‍ക്കും വിന്റേജ് രജിസ്‌ട്രേഷന്‍ ലഭിക്കും. അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍, റാലികള്‍, പ്രദര്‍ശനങ്ങള്‍, എന്നിവയ്ക്ക് മാത്രമേ വാഹനങ്ങള്‍ പൊതുനിരത്തില്‍ ഓടിക്കാന്‍ പാടൊളളൂ.