രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളന് 30 ദിവസത്തെ പരോൾ; നടപടി അമ്മ അർപുതാമ്മാളിന്റെ അപേക്ഷ പരിഗണിച്ച്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളന് പരോൾ അനുവദിച്ചു. കഴിഞ്ഞ മാസം പേരറിവാളൻ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. 30 ദിവസത്തെ പരോളാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുവദിച്ചത്.
പേരറിവാളന്റെ അമ്മ അർപുതാമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പേരറിവാളന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അർപുതാമ്മാൽ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്.
തമിഴ്നാട് ജയിൽ മാന്വൽ വ്യവസ്ഥ പ്രകാരമാണ് 30 ദിവസത്തെ സാധാരണ അവധി അനുവദിച്ചിരിക്കുന്നത്. 1991ൽ 19 വയസുള്ളപ്പോഴാണ് പേരറിവാളൻ അറസ്റ്റിലാവുന്നത്. എൽടിടി സൂത്രധാരനും രാജീവ് ഗാന്ധി വധത്തിലെ ഗൂഡാലോചനയിലെ പങ്കാളിയുമായിരുന്നു എന്ന ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയായിരുന്നു ആദ്യം വിധിച്ചതെങ്കിലും 2014ൽ സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.