ഒന്നരമാസത്തിനുള്ളില്‍ മൂന്നാം തരംഗവും എത്തിയേക്കും, രണ്ടാം തരംഗത്തേക്കാള്‍ സ്ഥിതി മോശമായേക്കാമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി :ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായെന്ന് കരുതുന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദമായ ഡെല്‍റ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേരിയ. ബ്രിട്ടനില്‍ മൂന്നാം തരംഗത്തിന് കാരണമായ ഈ വകഭേദത്തെക്കുറിച്ച് പഠിച്ച് അതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധം തീര്‍ക്കമെന്നും അദ്ദേഹം പറഞ്ഞു.
ആറ് മുതല്‍ എട്ട് വരെ ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകും, ചിലപ്പോള്‍ കുറച്ച് നീണ്ടേക്കാം. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ മൂന്നാം തരംഗത്തെ അതിജീവിക്കുക ദുഷ്‌കരമാകും. ജനങ്ങളുടെ ജാഗ്രതയ്‌ക്ക് മാത്രമേ മൂന്നാം തരംഗത്തെ ചെറുക്കാനാവൂ.
ബി. 1.617.2.1, എ.വൈ. 1 എന്നെല്ലാം അറിയപ്പെടുന്ന ഡെല്‍റ്റ പ്ലസ് വകഭേദത്തില്‍ കെ 417എന്‍ വ്യതിയാനം കൂടി ഉള്‍ചേര്‍ന്നതായി ഡല്‍ഹി സി.എസ്.ഐ.ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞനായ വിനോദ് സ്‌കറിയ പറയുന്നു. സാര്‍സ് കോവ് 2 വൈറസിന്റെ മുനകള്‍ പോലുള്ള സ്‌പൈക് പ്രോട്ടീനാണ് വ്യതിയാനം സംഭവിച്ചത്. ഇന്ത്യ അടുത്തിടെ അനുമതി നല്‍കിയ കോവിഡിനെതിരെയുള്ള മോണോക്ലോണല്‍ ആന്റിബോഡി കോക്ടെല്‍യില്‍ ട്രീറ്റ്‌മെന്റിനെ പ്രതിരോധിക്കാന്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന് ശേഷിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.