സിപിഎം അനുഭാവികള്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുന്നു; കോണ്‍ഗ്രസ് പ്രതിഷേധം; പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കൊല്ലം: കൊവിഡ് വാക്‌സിന്‍ വിതരണത്തെ ചൊല്ലി തര്‍ക്കം. വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേടാരോപിച്ച് കൊല്ലം നിലമേല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ ്അവസാനിച്ചു. നിലമേല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാക്‌സിന്‍ വിതരണത്തെ ചൊല്ലി ദീര്‍ഘനാളായി നില നില്‍ക്കുന്ന പരാതികളുടെ തുടര്‍ച്ചയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.
സിപിഎം അനുഭാവികള്‍ക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വാക്‌സിന്‍ നല്‍കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീതയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യ കേന്ദ്രത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്ന്് ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി. ഡോക്ടറുടെ പരാതെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിനിടെ ആരോഗ്യ വകുപ്പിന്റെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുക്കാനായി ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടര്‍ ശശി രാധാകൃഷ്ണന്‍ ശ്രമിച്ചു. ഈ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ മൊബൈല്‍ ഫോണും ഹെഡ്‌സെറ്റും വലിച്ചെറിഞ്ഞെന്നും കൈയേറ്റം ചെയ്‌തെന്നുമാണ് ഡോക്ടറുടെ ആരോപണം.
മൊബൈല്‍ ഫോണും ഹെഡ്‌സെറ്റും വലിച്ചെറിഞ്ഞപ്പോഴുണ്ടായ പിടിവലിയില്‍ കൈയ്ക്ക് പരുക്കേറ്റെന്നുമാണ് ഡോക്ടര്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാത്ത കുറ്റങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഡോക്ടര്‍ക്കെതിരെ കൈയേറ്റം നടന്നിട്ടില്ലെന്ന്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.