കണ്ണൂരിലെ കൊലവിളി, 24 സിപിഎം പ്രവർത്തകർക്കെതിരേ കേസ് എടുത്തു.

കണ്ണൂർ /സി പി എം ചെറുപഴശ്ശിയിൽ നടത്തിയ സ്വീകരണത്തിൽ, മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരേ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 24 സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസ് എടുത്തു. സിപിഎം പ്രവർത്തകരായ കെ.പി. ബാലകൃഷ്ണൻ, സി.പി. നാസർ, കെ. ബാബുരാജ്, പി.കെ. ബിജു, ഷാഹിദ് അഹമ്മദ്, കെ.കെ. ഫായിസ്, സി.പി. സിദ്ദീഖ്, കെ.കെ. മുഹമ്മദ്, റബീഹ്, കെ.കെ. മനാഫ്, ജി.വി. അനീഷ്, അമീർ, രാഹുൽ, കണ്ണൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേർക്കെതിരേയാണ് മയ്യിൽ പോലീസ് കേസെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറുപഴശ്ശി സ്കൂൾ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സിപിഎം മയ്യിൽ ചെറുപഴശ്ശിയിൽ നൽകിയ സ്വീകരണത്തിനിടെയാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നത്. പാണക്കാട്ടിൽ പോകേണ്ട ട്രെയിനിംഗൊന്നും കിട്ടേണ്ട, ഓർത്തു കളിച്ചോ തെമ്മാടികളെ. കൊല്ലേണ്ടോനെ കൊല്ലും ഞങ്ങൾ തല്ലേണ്ടോനെ തല്ലും ഞങ്ങൾ കൊന്നിട്ടുണ്ടീ പ്രസ്ഥാനം എന്നായിരുന്നു കൊലവിളി മുദ്രാവാക്യം.
സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മയ്യിൽ പഞ്ചായത്ത് കമ്മിറ്റി മയ്യിൽ പോലീസിൽ നൽകിയ പരാതി നൽകിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ലഹളയുണ്ടാക്കാൻ ശ്രമം നടത്തിയതിനും ജീവഹാനിയുണ്ടാക്കുമെന്ന് ഭീഷണി മുഴക്കിയതിനുമാണ് പോലീസ് കേസെടുത്തത്. അതേസമയം പാർട്ടിക്ക് തെരഞ്ഞെടുപ്പ് സമയത്ത് പൊതു ജങ്ങൾക്കിടയിൽ ദുഷ്പേരുണ്ടാക്കിയ പാർട്ടി പ്രവർത്തകർക്കെതിരെ പാർട്ടിയും നടപടി എടുക്കുന്നുണ്ട്.