കോവിഡ് വാക്‌സിന്‍: ഇന്ത്യയ്‌ക്കെതിരായ ബ്രിട്ടീഷ് നിലപാടിന് പിന്നില്‍ മരുന്ന് മാഫിയയോ?
ന്യൂഡല്‍ഹി: ഉയര്‍ന്ന ജനസംഖ്യയുള്ള ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ രംഗത്ത് വിപണി ഉറപ്പാക്കാന്‍ കഴിയാത്ത വിദേശ കമ്പനികള്‍ നിരാശയിലാണ്. ഫൈസര്‍, മൊഡേണ തുടങ്ങിയ കമ്പനികളെ ഇന്ത്യ തീര്‍ത്തും അവഗണിക്കുകയാണ്. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ കൊണ്ടുതന്നെ ഇവിടെ നൂറ് ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാം എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഇതിന്റെ പേരില്‍ ആഗോള കുത്തക കമ്പനികള്‍ ബ്രിട്ടനെ പോലെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തി ഇന്ത്യന്‍ വാക്‌സിനുകളെ അവഗണിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നാണ് ആരോപണം. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വാക്‌സിനേഷന്റെ അനന്തരഫലങ്ങള്‍ക്ക് നിര്‍മാണ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന കര്‍ശന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. എന്നാല്‍ ഇക്കാര്യം തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് വിദേശ കമ്പനികള്‍ പറയുന്നത്. ഇത് കേന്ദ്രം അംഗീകരിക്കാന്‍ തയാറായിട്ടില്ല. അതിനാലാണ് വിദേശ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ വിപണി കണ്ടെത്താനാവാത്തത്.
ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ മുതലായ കമ്പനികള്‍ പാശ്ചാത്യരാജ്യങ്ങളില്‍ തങ്ങള്‍ക്കുള്ള സ്വാധീനമുപയോഗിച്ചാണ് ഇന്ത്യന്‍ വാക്‌സിനുകള്‍ക്കെതിരെ നീങ്ങുന്നത്. ഇതിന്റെ പരിണിതഫലമാണ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ബ്രിട്ടനില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഫൈസര്‍, മൊഡേണ വാക്സീന്‍ വാങ്ങിക്കില്ലെന്നും അതേസമയം സ്വകാര്യ കമ്പനികളുമായി കരാറിലേര്‍പ്പെടുന്നതിന് അവര്‍ക്ക് യാതൊരു തടസമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ക്വാറന്റൈന്‍ വ്യവസ്ഥയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ച നയത്തിനെതിരേ കേന്ദ്രം ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടില്‍ അയവ് വരുത്തിയില്ലെങ്കില്‍ പരിണിതഫലം ഗുരുതരമായേക്കുമെന്ന് ബ്രിട്ടനെ ഇന്ത്യ അറിയിച്ചുകഴിഞ്ഞു. ആഗോള കുത്തകകളുടെ സമ്മര്‍ദത്തിനടിമപ്പെട്ട് ഇന്ത്യയ്‌ക്കെതിരായ നിലപാട് തുടര്‍ന്നാല്‍ ബ്രിട്ടന് സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.