കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കി കസ്റ്റംസിനു മുമ്പാകെ ഹാജരായി
കൊച്ചി: കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഇടനിലക്കാരന്‍ അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് 10.45 ഓടെ ഇയാള്‍ എത്തിയത്. ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കസ്റ്റംസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
അര്‍ജുന്‍ ആയങ്കിയ്ക്ക് നല്‍കാനാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് പിടിയിലായ മുഹമ്മദ് ഹെഫീഖ് മൊഴി നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് കൊണ്ടുവരുന്ന സ്വര്‍ണം കാരിയര്‍മാരെ സ്വാധീനിച്ച് തട്ടിയെടുക്കുന്ന രീതിയാണ് അര്‍ജുന്‍ ആയങ്കിയുടേത്. ഇയാള്‍ക്ക് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുമായും ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടി കേന്ദ്രങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും സൂചനയുണ്ടായിരുന്നു. അര്‍ജുന്‍ ഹാജരാകാതിരിക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയേക്കുമെന്ന ആശങ്കയാണ് അഭിഭാഷകര്‍ക്കൊപ്പം ചോദ്യം ചെയ്യലിനെത്താന്‍ അര്‍ജുന്‍ ആയങ്കിയെ നിര്‍ബന്ധിതനാക്കിയത്.
ദുബായില്‍ സലീം എന്നയാളാണ് സ്വര്‍ണം എത്തിച്ചു നല്‍കിയതെന്ന് മുഹമ്മദ് ഷെഫീഖ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ജലീലും പേര് അറിയാത്ത മറ്റൊരാളും സംഘത്തിനൊപ്പമുണ്ടായിരുന്നു. മുഹമ്മദ് എന്നയാളെയും ഇവര്‍ പരിചയപ്പെടുത്തിയെന്ന് മുഹമ്മദ് ഷെഫീഖ് മൊഴി നല്‍കി. സ്വര്‍ണം കൈമാറുന്നതിന് 40,000 രൂപയും കരിപ്പൂരിലേക്കുള്ള വിമാനടിക്കറ്റുമാണ് അര്‍ജുന്‍ ആയങ്കി ഓഫര്‍ ചെയ്തിരുന്നത്. പല സ്വര്‍ണക്കടത്ത് സംഘങ്ങളെ തമ്മില്‍ ഏകോപിപ്പിച്ചിരുന്നതും അര്‍ജുന്‍ ആയങ്കി ആണെന്നും സൂചനയുണ്ട്.
വിമാനത്താവളത്തിന്റെ ടെര്‍മിനലിനു പുറത്ത് കാത്തുനിന്നിരുന്ന അര്‍ജുന്‍ ആയങ്കി സ്വര്‍ണം കൊണ്ടുപോയാല്‍ നേരിടാന്‍ പാലക്കാട്, കൊടുവള്ളി സംഘങ്ങള്‍ കാത്തുനിന്നിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിട്ടുണ്ട. യഥാര്‍ത്ഥത്തില്‍ കൊടുവള്ളി സംഘത്തിനു വേണ്ടി കൊണ്ടുവന്നതാണ് ഈ സ്വര്‍ണം. ഈ സ്വര്‍ണവുമായി മുഹമ്മദ് ഷെഫീഖ് പുറത്തുവന്നാല്‍ കൊള്ളസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തന്നെ നടന്നേനെയെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.