മഅ്ദനിക്ക് വിദഗ്ധ ചികിത്സ: ഇടപെടുമെന്ന് കാന്തപുരം

കോഴിക്കോട് | അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ വളരെ മോശമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു ഈ വിഷയങ്ങള്‍ ഉണര്‍ത്താനായി പ്രത്യേക ദൂതനെ ചുമതലപ്പെടുത്തിയതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു. കേരള മുഖ്യമന്ത്രിയുമായും ഈ വിഷയം സംസാരിക്കും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിചാരണ തടവുകാരനായി കര്‍ണാടകയില്‍ കഴിയുന്ന അദ്ദേഹത്തിന് വേണ്ടി സാധ്യമായ വിധത്തിലെല്ലാം നേരത്തെയും ഇടപെട്ടിട്ടുണ്ട്. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയെ നേരില്‍ കണ്ടുതന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ കേരളത്തില്‍ വെച്ച് ചികിത്സ ലഭ്യമാക്കാനും വേണ്ടി ഇടപെടലുകള്‍ നടത്താനഭ്യര്‍ഥിച്ചു അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. രാവിലെ പി ഡി പി പ്രതിനിധികളും ഈയാവശ്യാര്‍ത്ഥം വന്നു ചര്‍ച്ച നടത്തിയിരുന്നു.
മഅ്ദനിയുടെ ആരോഗ്യാവസ്ഥ സുഖകരമാകാനും നിയമപരമായ പ്രശ്നങ്ങളില്‍ പെട്ടെന്ന് തീര്‍പ്പുണ്ടാകാനും വേണ്ടി എല്ലാവരും പ്രാര്‍ത്ഥന നടത്തണമെന്നും കാന്തപുരം അറിയിച്ചു