കർഷകരുടെ സാക്ഷിയായി പശു പൊലീസ് സ്റ്റേഷനിൽ; മാപ്പ് ചോദിച്ച് ജാമ്യം നൽകി പോലീസ്
ചണ്ഡിഗഡ്: അറസ്റ്റ് ചെയ്ത കർഷകരെ വിട്ട് കിട്ടാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ സാക്ഷിയെ കണ്ട് പൊലീസുകാർ ഒന്ന് അമ്പരന്നു, ഒരു പശു. എന്നാൽ സാക്ഷിയെ കൊണ്ടുവന്നവർക്ക് ആവട്ടെ ഒരു ഭാവഭേദവുമില്ല. നാൽപത്തിയൊന്നാം സാക്ഷിയാണ് എത്തിയിരിക്കുന്നതെന്നും അറസ്റ്റ് ചെയ്യപ്പെട്ട കർഷകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് സാക്ഷിയെ കൊണ്ടുവന്നവർ വ്യത്യസ്ത പ്രതിഷേധത്തിൻ്റെ പാത തുറന്നു.
സംഭവം നടന്നത് ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ്. എംഎൽഎയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത രണ്ട് കർഷകരെ വിട്ടുകിട്ടാനാണ് ഈ വ്യസ്തമായ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയത് ആകട്ടെ കർഷക നേതാവ് രാകേഷ് ടിക്കായത്തും.
കഴിഞ്ഞ ബുധനാഴ്ച ഭരണകക്ഷിയായ ബി ജെ പിയുമായി സഖ്യമുള്ള ജെജെപിയുടെ ഹരിയാന എംഎൽഎ ദേവേന്ദ്ര സിംഗ് ബാബ്ലിയുടെ വീട് വളഞ്ഞെന്നാരോപിച്ചാണ് കർഷക നേതാക്കളായ വികാസ് സിസാർ, രവി ആസാദ് എന്നിവരെ അറസ്റ്റു ചെയ്തത്. തുടർന്ന് ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫത്തേഹാബാദ് തോഹാനയിലെ പോലീസ് സ്റ്റേഷനിൽ മറ്റ് കർഷകർ കുത്തിയിരുപ്പ് സമരം നടത്തിയത്.
കർഷകർ അറസ്റ്റ് ചെയ്യപ്പെടുന്നത് കണ്ട സാക്ഷികളിൽ ഒരാൾ പശുവാണെന്ന് കാണിച്ചാണ് ഇവർ പശുവുമായി എത്തി പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം നടത്തിയത്. വെറുതെ പശുവവുമായി എത്തി പ്രതിഷേധിക്കുക മാത്രമല്ല ഇവർ ചെയ്തത്. കേസിലെ സാക്ഷിയായ പശുവിന് തീറ്റയും വെള്ളവും എത്തിക്കാനുള്ള ഉത്തരവാദിത്തം പൊലീസിന് ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.
‘ഇപ്പോഴത്തെ സർക്കാർ സ്വയം പശു ഭക്തരും പശുപ്രേമികളുമായി ആണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ വിശുദ്ധ മൃഗത്തെ ഒരു പ്രതീകമായിട്ടാണു ഞങ്ങൾ കൊണ്ടുവന്നത്,” പ്രതിഷേധിച്ച കർഷകർ പറഞ്ഞു. പ്രതിഷേധം ശക്തിപ്പെട്ടതോടെ കർഷകർക്ക് എതിരെ മോശമായി സംസാരിച്ചതിൽ മാപ്പ് ചോദിച്ചു ബാബ്ലി രംഗത്തെത്തി. രണ്ട് കർഷകരെയും ഞായറാഴ്ച രാത്രി ജാമ്യത്തിൽ വിടുകയും ചെയ്തു.