News

മാധ്യമങ്ങളെ വിരട്ടാൻ നോക്കല്ലേ.

ചെയ്തു കൂട്ടിയ ജനവുരുദ്ധ പ്രവർത്തനങ്ങൾ മൂലം മാധ്യമങ്ങൾ വസ്തുതകൾ നിരത്തുന്നത് തുടരുമ്പോൾ പുതിയ തന്ത്രവുമായി സി പി എം രംഗത്ത്. ഭൂരിഭാഗം മാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്നും ഇത് തുറന്നുകാട്ടാൻ അണികളെ രംഗത്തിറക്കി പോരാട്ടം തുടങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരിക്കുന്നു. സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ അഴിമതി, ഖുർആൻ വിവാദം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിൽ മാധ്യമങ്ങൾക്കെതിരെ സി പി എം ഉയർത്തുന്ന ഭീഷണിയും വെല്ലുവിളിയുമാണിത്. അങ്ങനെ വേണം കേരളത്തിലേ മാധ്യമ ലോകം ഇതിനെ കാണാൻ.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും, പിണറായി സർക്കാരും എന്താണ് കരുതിയിരിക്കുന്നത്. സർക്കാരിന്റെയും, ഭരിക്കുന്ന പാർട്ടിയുടെയും,ആട് തല്ലികളായ പണിക്കാരാണ് കേരളത്തിലെ പത്രങ്ങളും, ചാനലുകളും, ഓൺലൈൻ മാധ്യങ്ങളും എന്ന് കരുതിയോ. അങ്ങനെ കരുതിയിട്ടുണ്ടെങ്കിൽ അതിനു വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചാൽ മതി. കേരളത്തിലെ മാധ്യമലോകത്തോട് പിണറായിക്കുള്ള കൂറും ആത്മാര്ഥതയും, സ്നേഹവുമൊക്കെ എത്രത്തോളം ഉണ്ടെന്നു സിറാജ് ലേഖകൻ കെ എം ബഷീറിന്റെ മരണവുമായി ബന്ധപെട്ടു തലസ്ഥാന നഗരിയിൽ നടന്ന സംഭവ വികാസങ്ങൾ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഒരു പത്ര ലേഖകന്റെ ജീവന് പിണറായി സർക്കാർ കാണുന്ന വിലയെന്തെന്നാണ്, വീര വാദം മുഴക്കുന്ന പാർട്ടി സെക്രട്ടറിക്ക് കൂടി ചുമതലയും ഉത്തരവാദിത്വവും ഉള്ള പിണറായി സർക്കാർ ചെയ്തുകാട്ടി കൊടുത്തത്. സർക്കാരിന് വാലാട്ടുന്ന പാർട്ടിയുടേതായ പത്ര ലോകവും, അന്താരാഷ്ട്ര തലത്തിൽ പി ആർ ഏജൻസി ബന്ധങ്ങളും, ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ പ്രചാരണ പരിപാടികളും ഒക്കെ നടത്തി നോക്കിയില്ലേ. എന്നിട്ടു എന്തായി ഫലം. ഒന്നും ഇനി ക്ലെച് പിടിക്കില്ല. പിടിച്ചാൽ തന്നെ ജനങ്ങള് കഴുതകളല്ലെന്നു ‌തിരിച്ചറിയുന്ന നാളുകളാണ് വരാൻ പോകുന്നത്.

സ്വർണക്കടത്ത് കേസ്, ലൈഫ് മിഷൻ അഴിമതി, ഖുർആൻ വിവാദം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങൾക്കെതിരെ ഭീഷണിയും വെല്ലുവിളിയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത് വന്നിരിക്കുന്നത്. ഭൂരിഭാഗം മാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്നും ഇത് തുറന്നുകാട്ടാൻ അണികളെ രംഗത്തിറക്കി പോരാട്ടം തുടങ്ങുമെന്നും യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരിക്കുകയാണ്. കോടിയേരി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. കേരളത്തിലെ മാധ്യമ ലോകത്തിലെ ബഹുഭൂരിപക്ഷം പത്രക്കാരും ഇടതു ചിന്താഗതിക്കാരാണ്. ഇന്നും അങ്ങനെയാണ്. സത്യങ്ങൾ പറയുന്നതിനിടെ സി പി എം പറയുന്നതും, പിണറായി പറയുന്നതും, കേട്ട് പൊട്ടന്മാരെ പോരെ എത്രകാലം പത്രക്കാർക്ക് കളവു പറയാനാവും. ജനങ്ങളെ എത്രനാൾ തെറ്റി ധരിപ്പിക്കാനാവും. അത് കൊണ്ടവർ വസ്തുതകൾ വിളിച്ചു പറയുമ്പോൾ അതിൽ വേദനിച്ചിട്ടു കാര്യമില്ല.

മാധ്യമങ്ങൾ കോർപ്പറേറ്റ് താൽപ്പര്യങ്ങളാണ് നടപ്പാക്കുന്നതെന്നും സർക്കാരിനെ അനുകൂലിക്കുന്ന വാർത്തകൾ നൽകുന്നില്ലെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയതോടെ തന്നെ കേരളത്തിൽ സി പി എം കാൽ ക്കീഴിലെ മണ്ണ് സ്വയം വീഴാൻ തോണ്ടുകയാണ്. ഇപ്പോൾ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും, ജനങ്ങളെ കമ്മ്യൂണിസ്റ്റ് വിരുദ്ധരാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കോടിയേരി പറയേണ്ടി വന്നതിനു കാരണമെന്തെന്ന് സ്വയം വിലയിരുത്തേണ്ടതാണ്.
കേരളത്തിലെ മാധ്യമങ്ങളുടെ പൊതുസ്വഭാവത്തിൽ മാറ്റം വന്നു. മഹാഭൂരിപക്ഷം മാധ്യമങ്ങളും കോർപ്പറേറ്റുകളായി. സമീപകാല സംഭവങ്ങൾ അതാണ് തെളിയിക്കുന്നത്. വിമോചന സമരകാലം മുതൽ മാധ്യമങ്ങൾ സ്വീകരിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് ഇപ്പോഴും തുടരുന്നത്. ഇത് അംഗീകരിക്കില്ല. ജനാധിപത്യ വിരുദ്ധമാണ്. മാധ്യമങ്ങളുടെ ഈ നിലപാട് സിപിഎം തുറന്നുകാട്ടും. സർക്കാരിന്റെ വികസനം ജനങ്ങളിലേക്ക് എത്തണമെങ്കിൽ മാധ്യമങ്ങൾ വേണം. എന്നാൽ അത് എത്താതിരിക്കാനുള്ള ശ്രമങ്ങൾ അറിയാനുള്ള അവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കോടിയേരി കുറ്റപ്പെടുത്തിയിരിക്കുന്നതും സൂപ്പർ തന്നെ. മാധ്യങ്ങൾ എന്ത് എഴുതണമെന്നും, പറയണമെന്നും അനുശാസിക്കാൻ കേരളത്തിലെ മാധ്യമ ലോകം കോടിയേരിക്ക് ഒരു അവകാശവും, അധികാരവും തന്നിട്ടില്ലെന്ന കാര്യം മറക്കരുത്. ഒരേ വിഷയങ്ങൾ തന്നെയാണ് ഇപ്പോൾ മാധ്യമങ്ങളിൽ കാണുന്നത്, എന്നാണു കോടിയേരിക്ക് പറയാനുള്ളത്. എന്ത് വിഷയം ചർച്ച ചെയ്യണമെന്ന് അതാത് മാധ്യമമാണ് തീരുമാനിക്കുന്നത്.

സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും മാധ്യമങ്ങൾ വലിയതോതിൽ പ്രചാര വേല നടത്തുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ പിന്തുണയോടെയല്ല മഹാഭൂരിപക്ഷത്തിന്റെ എതിർപ്പ് നേരിട്ട് വളർന്നുവന്ന പാർട്ടിയാണിതെന്ന് ഓർക്കണമെന്നും കോടിയേരി പറഞ്ഞിട്ടുണ്ട്. അണികളെ പ്രാപ്തരാക്കി രംഗത്ത് ഇറക്കുമെന്നു തട്ടിവിട്ട കോടിയേരി ഒന്ന് മനസ്സിലാക്കണം. സർക്കാരിന് അനുകൂലമായി വാർത്തകൾ വരുമ്പോൾ പത്ര ലോകം നല്ലതാണെന്നും, തങ്ങളുടെ കൊള്ളരുതായ്മകളും, ജനങ്ങളെ വിഡ്ഢികളാക്കുന്നതും, കബളിപ്പിക്കുന്നതും വിളിച്ചു പറയുമ്പോൾ മാധ്യമങ്ങളെ ശത്രുക്കളും ആയി വ്യാഖ്യാനിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞ പോലെ മടിയിൽ കനം തൂങ്ങുന്നവനെ ഭയം വരൂ. മുഖ്യനൊപ്പം കോടിയേരിക്കും കനം തൂങ്ങിയിരിക്കുന്നു എന്നെ ഇക്കാര്യത്തിൽ പറയാനാവൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button