സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജ്യോതിഷിയെ കണ്ടെന്ന വിവാദം; പ്രതികരണവുമായി മുതിർന്ന നേതാവ് എ.കെ. ബാലൻ
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജ്യോതിഷിയെ കണ്ടെന്ന വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് എ.കെ. ബാലൻ. ജ്യോതിഷികളെ കാണുന്നതിൽ തെറ്റില്ലെന്നും, താനും പല നേതാക്കളും ജ്യോതിഷികളുമായി നല്ല ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ജ്യോതിഷികളുമായും മാജീഷ്യന്മാരുമായും സംസാരിക്കാൻ എനിക്ക് പ്രത്യേക താൽപ്പര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം കാണാനോ അല്ല, സാധാരണ സംഭാഷണത്തിനായാണ് പോകുന്നത്. ജ്യോതിഷൻ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച് എ.കെ. ആന്റണിക്കെതിരെ നിയമസഭയിൽ പ്രസംഗിച്ചിട്ടുമുണ്ട്. സിപിഐഎമ്മിനേക്കാൾ കോൺഗ്രസ് നേതാക്കളാണ് കൂടുതൽ ജ്യോതിഷികളെ കാണുന്നത്. ഞങ്ങൾ ഇപ്പോഴും ഭൗതികവാദത്തിലാണ് വിശ്വസിക്കുന്നത്,” ബാലൻ വ്യക്തമാക്കി.
കന്യാസ്ത്രീകളെതിരായ ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചത് ഈ വിഭാഗമാണെന്നും, അതിന് സഭാ നേതൃത്വം കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ പരിഹസിച്ചും ബാലൻ പ്രതികരിച്ചു. “റബറിന് 300 രൂപക്ക് വേണ്ടി അധികാരം നൽകാമെന്ന് പറഞ്ഞ ആളാണ് അദ്ദേഹം. തലശ്ശേരിയിലെ ആഭ്യന്തരമന്ത്രിക്ക് ഇനിയെങ്കിലും തിരിച്ചറിവ് വരണം,” ബാലൻ പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനെക്കുറിച്ചും ബാലൻ പ്രതികരിച്ചു. “അടൂർ പറഞ്ഞത് നല്ല മനസ്സോടെയാണ്. വിശദീകരണത്തിന് ശേഷവും വിഷയം മാധ്യമങ്ങൾ വിവാദമാക്കി. അദ്ദേഹം ചലച്ചിത്രലോകത്തിന് നൽകിയ സംഭാവനകൾ വലുതാണ്,” എന്ന് എ.കെ ബാലൻ കൂട്ടിച്ചേർത്തു.
Tag: CPI(M) State Secretary M.V. Govindan’s controversy over meeting an astrologer; Senior leader A.K. Balan responds