സിപിഎം സമ്മേളനത്തിനിടെ കൂട്ടത്തല്ല്
തിരുവനന്തപുരം: വര്‍ക്കല സിപിഎം ഏരിയ കമ്മിറ്റി പ്രതിനിധി സമ്മേളനത്തിനിടെ കൂട്ടത്തല്ല്. വര്‍ക്കല ഏരിയ കമ്മിറ്റിയില്‍നിന്ന് സിഐടിയു നേതാവിനെ ഒഴിവാക്കിയതിലും എസ്എഫ്‌ഐ നേതാവിനെ ഉള്‍പ്പെടുത്താത്തതിലും പ്രതിഷേധിച്ച് ഇവരുടെ അനുയായികളാണ് ബഹളവുമായി എത്തിയതും തുടര്‍ന്ന് ഏറ്റുമുട്ടല്‍ നടന്നതും. മുതിര്‍ന്ന നേതാക്കള്‍ സമ്മേളന വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ആക്രമണം. പാര്‍ട്ടി പ്രവര്‍ത്തകരും റെഡ് വൊളന്റിയര്‍മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചോളം പേര്‍ക്ക് മര്‍ദനമേറ്റു.
നേതാക്കളായ എം. വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി. ശിവന്‍കുട്ടി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സമ്മേളനം നടക്കുമ്പോഴാണ് പുറത്ത് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പ്രതിനിധി സമ്മേളനം നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും റെഡ് വൊളന്റിയര്‍മാരുമായി ഏറ്റുമുട്ടിയത്. സമ്മേളനം നടക്കുന്ന ഹാളിന്റെ മുകള്‍നിലയിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ റെഡ് വൊളന്റിയര്‍മാര്‍ തടഞ്ഞു. ഇതോടെ ഏറ്റുമുട്ടലായി. സമ്മേളന ഹാളിലുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ട് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി എഫ്. നഹാസ് ഉള്‍പ്പെടെയുള്ളവരെ ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതാണ് പ്രകോപനത്തിന് ആധാരം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവുമായ റിയാസ് വഹാബിനെ ഉള്‍പ്പെടുത്തിയുമില്ല.
ഇതിനെതിരേ ഇവരെ അനുകൂലിക്കുന്ന വിഭാഗം സമ്മേളനത്തില്‍ പ്രതിഷേധനവുമായി എത്തി. നേതൃത്വം അവതരിപ്പിച്ച പാനലിനെതിരേ മത്സരിക്കാന്‍ ഇവരും ഒപ്പമുള്ള ചിലരും തയ്യാറായി. എന്നാല്‍ നേതൃത്വം ഇതംഗീകരിച്ചില്ല. പ്രതിഷേധ ശബ്ദങ്ങള്‍ക്കിടെ നേതൃത്വം അവതരിപ്പിച്ച പാനല്‍ സമ്മേളനം അംഗീകരിച്ചു. നഹാസിനെ ഒഴിവാക്കുകയും റിയാസ് വഹാബിനെ പരിഗണിക്കാതിരിക്കുകയും ചെയ്തതറിഞ്ഞാണ് അവരെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ സമ്മേളന സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.