കിറ്റ് കൊടുത്തതിന് എസ്ടി പ്രൊമോട്ടര്‍ക്ക് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി
പാലക്കാട്: പാര്‍ട്ടി അറിയാതെ കിറ്റ് കൊടുത്തതിന് എസ്ടി പ്രമോട്ടര്‍ക്ക് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. പാലക്കാട് അയിലൂര്‍ ലോക്കല്‍ സെക്രട്ടറി സജിത്താണ് ഭീഷണിപ്പെടുത്തിയത്. ആദിവാസി കോളനികളില്‍ മഴക്കെടുതി കിറ്റ് കൊടുത്തതിനാണ് ഭീഷണി. പാര്‍ട്ടി അറിയാതെ പഞ്ചായത്തില്‍ എന്തെങ്കിലും പരിപാടി നടത്തിയാല്‍ പണി പീസാക്കിത്തരുമെന്നാണ് ഭീഷണിയില്‍ പറയുന്നത്. മണികണ്ഠന്‍ എന്ന എസ്ടി പ്രമോട്ടറെയാണ് സജിത്ത് ഭീഷണിപ്പെടുത്തിയത്.
നിന്നെ എസ്.ടി പ്രമോട്ടര്‍ ആക്കിയത് പാര്‍ട്ടിയാണ് എന്നറിയാമല്ലോ എന്നാണ് സജിത് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. പാര്‍ട്ടി വളര്‍ത്തിയ നിന്നെ പാര്‍ട്ടി തന്നെ വട്ടപ്പൂജ്യമാക്കും.അപ്പോള്‍ നിന്റെ മറ്റേ പാര്‍ട്ടിക്കാര്‍ ഉണ്ടാകില്ലെന്നും സജിത് ഭീഷണിപ്പെടുത്തുന്നു. ഡിപ്പാര്‍ട്ട്‌മെന്റും സര്‍ക്കാരും അറിഞ്ഞാണ് കിറ്റ് വിതരണം നടത്തിയതെന്ന് മണികണ്ഠന്‍ പറയുന്നുണ്ടെങ്കിലും അവരാരും നിങ്ങളെ സഹായിക്കാന്‍ വരില്ലെന്നാണ് സജിത് ഭീഷണിപ്പെടുത്തുന്നത്.
അതേസമയം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ അറിയിച്ചാണ് കിറ്റ് വിതരണം നടത്തിയതെന്നാണ് മണികണ്ഠന്‍ പറയുന്നത്. സജിത്തിനെ അടുത്തിടെയാണ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അയാളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. താനും പാര്‍ട്ടിക്കാരനാണ്. ഇക്കാര്യത്തില്‍ വിശദമായ പരാതി പാര്‍ട്ടിക്ക് നല്‍കിയെന്നും മണികണ്ഠന്‍ വ്യക്തമാക്കി.