എസ്ഡിപിഐയെ എതിര്‍ത്തതിന് സിപിഎമ്മുകാരന് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: എസ്ഡിപിഐയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം. പത്തനംതിട്ട നഗരസഭ കൗണ്‍സിലറും നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ വി.ആര്‍. ജോണ്‍സണെതിരെയാണ് പാര്‍ട്ടി നടപടിയെടുക്കുന്നത്. പത്തനംതിട്ട ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സമ്മേളനം തര്‍ക്കം മൂലം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിന് ജോണ്‍സണ്‍ കാരണക്കാരനായി എന്നാണ് പാര്‍ട്ടി പറയുന്നത്.
അച്ചടക്കനടപടിയുടെ ഭാഗമായി ഒരു വര്‍ഷത്തേക്ക് ജോണ്‍സന്റെ അംഗത്വം സസ്‌പെന്റ് ചെയ്യാന്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനെക്കുറിച്ച് ജോണ്‍സണോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോണ്‍സണ്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് നേതൃത്വം പറയുന്നത്.
നേരത്തേ പത്തനംതിട്ട നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ട ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പില്‍ ജോണ്‍സണ്‍ എസ്ഡിപിഐയുടെ ഔദാര്യമല്ല തന്റെ കൗണ്‍സിലര്‍ സ്ഥാനമെന്നും വര്‍ഗീയവാദം തുലയട്ടെയെന്നും പോസ്റ്റിട്ടിരുന്നു. എസ്ഡിപിഐയ്ക്ക് എതിരെ ജോണ്‍സണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ സിപിഎം നേതാക്കളെ ചൊടിപ്പിച്ചു.
ഇതുമൂലമാണ് നേതൃത്വം കടുത്ത നടപടിക്കൊരുങ്ങുന്നതെന്നാണ് അണികള്‍ തന്നെ പറയുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തതിനാല്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. ഇതോടെ നേതാക്കള്‍ ഇടപെട്ട് സമ്മേളനം അവസാനിപ്പിച്ചു. പാര്‍ട്ടി ഒരുവിഭാഗം കൈയടക്കുന്നതിലുള്ള തര്‍ക്കമാണ് ബ്രാഞ്ച് സമ്മേളനത്തിലും മത്സരമുണ്ടാകാന്‍ കാരണമെന്നാണ് സൂചന.
ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് ചേര്‍ത്ത് നിര്‍ത്തണമെന്ന് പറയുമ്പോഴും അതിലും ചിലര്‍ക്ക് പ്രത്യേക പ്രിവിലേജ് ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ജോണ്‍സണെതിരെ സ്വീകരിക്കുന്ന നടപടിയെന്നാണ് ഭൂരിഭാഗം അണികളും പറയുന്നത്. എന്തായാലും എസ്ഡിപിഐയ്‌ക്കെതിരെ ശബ്ദിച്ചാല്‍ സിപിഎമ്മില്‍ അംഗത്വമുണ്ടാവില്ലെന്ന ശക്തമായ താക്കീതാണ് പാര്‍ട്ടി നല്‍കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.