കളമശ്ശേരിയില്‍ സിപിഎം വിഭാഗീയത ഇടത് സ്ഥാനാര്‍ത്ഥി പി.രാജീവിന് കനത്ത വെല്ലുവിളി

എറണാകുളം ജില്ല എക്കാലത്തും സിപിഎം വിഭാഗീയതയുടെ വിളനിലമായിരുന്നു. മുന്‍ ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ അടക്കം വിഭാഗീയതയുടെ തിക്ത ഫലങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നവരാണ്. വിഭാഗീയത ഏറെ രൂക്ഷമായതോടെ സിപിഎമ്മിന് ജില്ലാസെക്രട്ടറിയെ മാറ്റി പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായിരുന്ന എം.വി ഗോവിന്ദനെ ജില്ലാസെക്രട്ടറി ആയി നിയോഗിക്കേണ്ട ഗതികേടും പാര്‍ട്ടിക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിഭാഗീയത പാടെ തൂത്തെറിഞ്ഞു എന്നാണ് അടുത്തകാലത്തെ സിപിഎം നേതൃത്വത്തിന്‍റെ വാദം. എന്നാല്‍ കെ.ചന്ദ്രന്‍പിള്ളയെ കളമശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ അലോചിച്ചശേഷം പിന്നീട് പി. രാജീവിനെ ഇവിടെ ഇടത് സ്ഥാനാര്ത്ഥിയാക്കിയത് കെട്ടടങ്ങാത്ത വിഭാഗീയതയുടെ തുടര്‍ച്ചയാണെന്ന വിലയിരുത്തല്‍ ശക്തമാണ്. ഇതിന് പുറമെ തെരഞ്ഞെടുപ്പുാമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങളേയും തുടക്കത്തിലേ ഉണ്ടായ കല്ലുകടി ബാധിച്ചിട്ടുണ്ട് എന്നത് സുവ്യക്തം
മുന്‍ രാജ്യസഭാ അംഗവും അറിയപ്പെടുന്ന ട്രേഡ് യൂണിയന്‍ നേതാവുമാണ് കെ. ചന്ദ്രന്‍ പിള്ള. വി.എസ് അച്യുതാനന്ദന്‍റെ ജില്ലയിലെ പഴയകാല മനസ്സാക്ഷി സൂക്ഷിപ്പുകാരില് പ്രമുഖനുമായിരുന്നു അദ്ദേഹം. സിപിഎമ്മിലെ ആദ്യകാല വിവാദങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം ഇദ്ദേഹത്തിന് കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. വി.എസ്സിന്‍റെ പ്രതാപകാലം പാര്‍ട്ടിയില്‍ അസ്തമിച്ചതോടെ ഏറക്കുറെ ഒതുക്കപ്പെട്ട നിലയിലായിരുന്നു ചന്ദ്രന്‍ പിള്ള. അതിനാല്‍തന്നെ അദ്ദേഹത്തെ നിമയസഭാതെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ പാര്‍ട്ടിയുടെ പ്രാദേശികഘടകങ്ങള്‍ നിര്‍ദ്ദേശിച്ചത് സിപിഎമ്മിന്‍റെ പുതിയ ശക്തികേന്ദ്രങ്ങള്‍ക്ക് ദഹിച്ചില്ല എന്നും അതിനാലാണ് ഏറക്കുറെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ചന്ദ്രന്‍പിള്ളയെ മാറ്റി രാജീവിനെ അവരോധിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
ഒട്ടേറെ പൊതുമേഖലാസ്ഥാപനങ്ങള്‍ അടക്കം തൊഴില്‍ ശാലകള്‍ ഏറെയുള്ള ഇടമാണ് കളമശ്ശേരി. ഇവിടെ സിഐടിയു നേതാവ്
കൂടിയായ ചന്ദ്രന്‍പിള്ളയ്ക്ക് രാജീവിനേക്കാള്‍ സ്വാധീനവുമുണ്ട്. അതിനാല്‍ തന്നെ ചന്ദ്രന്‍പിള്ളയെ മാറ്റി രാജീവിനെ ഇവിടെ അപ്രതീക്ഷിതമായി പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ത്ഥിയാക്കിയത് സിഐടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരുവലിയവിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല. അതിനാലാണ് മറ്റ് ഇടങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായതുപോലെ കളമശ്ശേരിയില്‍ ഇതുവരേയും രംഗത്തിറങ്ങാത്തത് എന്ന് നേതാക്കളില്‍ ഒരുവിഭാഗം അടക്കം പറയുന്നുണ്ട്.
ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റിയതിനെതിരെ കളമശ്ശേരിയിലും തൃക്കാക്കരയിലും ആലുവായിലുമെല്ലാം വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇരുളിന്‍റെ സന്തതികളാണ് ഇത്തരത്തില്‍ പേസ്റ്ററുകള്‍ പതിച്ചതെന്ന് സിപിഎം നേതൃത്വം പ്രഖ്യാപിക്കയും ചെയ്തു. ഇതിന് പിന്നാലെ ചന്ദ്രന്‍പിള്ളയും രാജീവും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍ സിപിഎം സൈബര്‍ ഇടങ്ങളില്‍ നിക്ഷേപിക്കയും ഉണ്ടായി. എന്നാല്‍ മേല്‍തട്ടിലെ ചികിത്സ താഴെതട്ടില്‍ എത്തിയിട്ടില്ല എന്നതാണ് വാസ്തവം. രാജീവിനെ മണ്ഡലത്തില്‍ കൊണ്ടുനടക്കാന്‍ നേതൃത്വത്തിന് ആളുകളെ ഭീഷണിപ്പെടുത്തി അയക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്. ഇത് വരും ദിവസങ്ങളില്‍ ഇടത്മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും എന്നകാര്യത്തില്‍ സംശയമേയില്ല
ഒരിക്കല്‍ കത്തിയാളിയിരുന്ന വിഭാഗീയത തല്ല് ശമിച്ചെന്ന് മേനിനടിച്ച പാര്‍ട്ടി നേതൃത്വത്തിന് കളമശ്ശേരിയുടെ മണ്ണില്‍ വീണ്ടും ശക്തമായ വിഭാഗീയത വരും നാളുകളില്‍ തലവേദനയാകും എന്നകാര്യം തീര്‍ച്ച. അഭിമാനപ്പോരാട്ടമെന്ന് സിപിഎം ആണയിട്ട കളമശ്ശേരിയിലെ പോരാട്ടത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി കിതയ്ക്കുുന്നത് നേതൃത്വത്തിന് ഉണ്ടാക്കിയിട്ടുള്ള അലോസരം ചെറുതല്ല. തിട്ടൂരങ്ങള്‍ ഏറെ ഇറക്കിയെങ്കിലും രാജീവിനെ ചുമലേറ്റി നടക്കാന്‍ തൊഴിലാളികള്‍ക്ക് സ്വാധീനമുള്ള കളമശ്ശേരിയില്‍ ആളെ കിട്ടാത്തത്
സിപിഎമ്മിനെ വന്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കയാണ്. രാജീവിന്‍റെയും കൂട്ടരുടേയും മുഖത്തെ മങ്ങല്‍ ചന്ദ്രന്‍പിള്ള ക്യാന്പിന് നല്‍കുന്ന നിര്‍വൃതി സമാനതകളില്ലാത്തതാണ്