കോട്ടയം കൈവിടുമെന്ന ആശങ്കയില്‍ സിപിഎം
കോട്ടയം: കോട്ടയം നഗരസഭയിലെ അധ്യക്ഷസ്ഥാനത്ത് കണ്ണുംനട്ടിരിക്കുന്ന സിപിഎം ആശങ്കയില്‍. അധ്യക്ഷ തിരഞ്ഞെടുപ്പ് 15ന് നടക്കാനിരിക്കെ സിപിഎം കൗണ്‍സിലര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സിപിഎം അംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ അംഗത്തിനു പങ്കെടുക്കാനാവുമോ എന്നതാണ് സിപിഎം കേന്ദ്രങ്ങളെ അലട്ടുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൗണ്‍സിലര്‍ക്ക് ഇന്നോ നാളെയോ ഡിസ്ചാര്‍ജ് ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ.
ഇനി ഡിസ്ചാര്‍ജ് ലഭിച്ചില്ലെങ്കില്‍ ആംബുലന്‍സില്‍ വോട്ടെടുപ്പ് സമയത്തു കൗണ്‍സിലറെ എത്തിക്കാനും ആലോചനയുണ്ട്. പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ സെപ്റ്റംബര്‍ 24നാണ് യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്തായത്. ബിജെപി പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്നു യുഡിഎഫ് വിട്ടു നിന്നിരുന്നു.
നറുക്കെടുപ്പിലൂടെയാണ് ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭാധ്യക്ഷയായത്. 15ന് രാവിലെ 11ന് കൗണ്‍സില്‍ ഹാളിലാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. 15ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിലും മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നഗരഭരണം ഭാഗ്യപരീക്ഷണത്തിനു വേദിയാകുകയാണ്.
കൗണ്‍സിലില്‍ 52 അംഗങ്ങളാണുളളത്. യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങളുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളുമുണ്ട്. തിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ 22- 22- എട്ട് എന്ന നിലയില്‍ വോട്ടു വരും. ഏറ്റവും വോട്ടു കുറഞ്ഞ സ്ഥാനാര്‍ഥിയെ ഒഴിവാക്കി വീണ്ടു വോട്ടെടുപ്പ് നടത്തും. ഇതില്‍ ബിജെപി വിട്ടു നിന്നാല്‍ 22-22 എന്ന നിലയില്‍ തുല്യത വരും. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തിരഞ്ഞെടുക്കും.