ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങള്‍ ഒന്ന് നമ്മുടെ പ്രീയപ്പെട്ട തല എന്ന് വിളിപ്പേരുള്ള മുന്‍ നായകന്‍ ധോണി മറ്റൊന്ന് ചിന്നതല റെയ്‌ന. രണ്ടു പേരും ക്രിക്കറ്റിനകത്തും പുറത്തും വലിയ ചങ്ങാതിമാരാണെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്ക് നന്നായിട്ടറിയാം. ആ വിശ്വാസത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഇരുവരുടെയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കല്‍ പ്രഖ്യാപനവും.
കഴിഞ്ഞ വര്‍ഷം ഒരേ ദിവസം ഒരു മുന്നറിയിപ്പും ഇല്ലാതെയായിരുന്നു ഇവരുടെ വിമരിക്കല്‍ പ്രഖ്യാപനം. ആരാധകരെ ഒന്നാകെ സങ്കടത്തിലാക്കിയതായിരുന്നു അവരുടെ ഈ വെളിപ്പെടുത്തല്‍. നായകന്‍ എം എസ് ധോണിയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും കാത്തു സൂക്ഷിക്കുന്ന സൗഹൃദത്തിന്റെ ആഴം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് റെയ്‌ന വീണ്ടും.
2018ല്‍ അയര്‍ലന്‍ഡില്‍ നടന്ന ടി20 മല്‍സരത്തില്‍ തങ്ങള്‍ക്കിടയിലുണ്ടായ രസകരമായ സംഭവമാണ് താരം ഇപ്പോള്‍ പങ്കിടുന്നത്.ഒരു ടി20 മല്‍സരത്തില്‍ ധോണിക്ക് ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. ഈ കളിയില്‍ റെയ്‌ന പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. വാട്ടര്‍ ബോയ് ആയിരുന്ന ധോണിയെ പല തവണ തമാശയ്ക്കു ഗ്രൗണ്ടിലേക്കു വിളിപ്പിച്ചിരുന്നു എന്നാണ് റെയ്‌ന പറയുന്നത്.
ബാറ്റ് ചെയ്യുന്നതിനിടെ ഒരുപാട് തവണ ഞാന്‍ ബാറ്റുകളും ഗ്ലൗസുകളുമെല്ലാം മാറ്റിക്കൊണ്ടിരുന്നു. ഇതോടെ വലഞ്ഞ ധോണി മുഴുവന്‍ കിറ്റുകളടുമടങ്ങിയ ബാഗുമായി പിന്നീട് ഗ്രൗണ്ടിലേക്കു വന്നു- ‘നിനക്ക് ആവശ്യമുള്ളത് ഇതില്‍ നിന്ന് എടുത്തോ, എന്നെ ഇനിയും വിളിപ്പിക്കരുത്. ഇനി ഞാന്‍ വരില്ല, ഇവിടെ നല്ല തണുപ്പാണ്’- ഇത്രയുമായിരുന്നു തമാശരൂപേണ ധോണിയുടെ മറുപടിയെന്ന് റെയ്ന വെളിപ്പെടുത്തി.എന്നാല്‍ റെയ്ന വിടാന്‍ തയ്യാറായിരുന്നില്ല. ‘ഞാന്‍ ഒന്ന് കൂടി ധോണിയെ കളിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു കാര്യം ചെയ്യൂ, ഒരു ഗ്രിപ്പ് കൂടി കൊണ്ടുവരൂയെന്ന് അദ്ദേഹത്തോടു ഞാന്‍ പറഞ്ഞു.
‘നീ വലിയ ആളാണ്, ഇവിടെ നില്‍ക്ക്, വെള്ളം കുടിക്ക്, ഞാന്‍ എടുത്തു വരാമെന്നായിരുന്നു അപ്പോള്‍ ധോണിയുടെ മറുപടി’- റെയ്ന പറയുന്നത്. ഐ പി എല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ പ്രഥമ മത്സരത്തില്‍ തുടങ്ങിയ ബന്ധമാണ് ഇവരുടേത്. പിന്നീട് ഇന്ത്യയെ ധോണി നയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ റെയ്‌ന കൂടെ ഉണ്ടായിരുന്നു. ഇപ്പോഴും ആ സൗഹൃദം തുടരുന്നു.