തൊട്ടില്‍ കൊളുത്ത് അപകടമാണ്,ശ്രദ്ധ വേണം..
തുണികൊണ്ട് ഉണ്ടാക്കുന്ന തൊട്ടിലിലെ കൊളുത്ത് കണ്ണില്‍ കൊണ്ട് പരിക്കേറ്റ് ഇതിനോടകം എട്ട് കുട്ടികളാണ് ലോക്ഡൗണ്‍ ആരംഭിച്ച ശേഷം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത് .ശ്രദ്ധ ഇല്ലാത്തതുകൊണ്ടോ അപകട സാധ്യതയെ കുറിച്ച് ചിന്തിക്കാത്തതോ ആകാം ഈ അപകടങ്ങള്‍ക്ക് കാരണമാകുന്നത് . തൂക്കിയിടുന്ന തുണിത്തൊട്ടിലിലെ കൊളുത്തുകളുടെ കാര്യത്തില്‍ അതി ജാഗ്രത വേണം .
അടുത്തിടെയാണ് തുണിത്തൊട്ടിലിലെ കൊളുത്തുകൊണ്ട് പരിക്കേറ്റ് നീരു വെച്ച് കണ്ണ് കാണാനാവാത്ത അവസ്ഥയില്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഏഴു വയസ്സുകാരി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് കാഴ്ച സംരക്ഷിക്കാനായത്. ഇളയ കുഞ്ഞിനെ കിടത്തിയിരുന്ന തൊട്ടിലില്‍ കയറി കളിക്കുന്നതിനിടെ തൊട്ടിലിനു മുകളിലെ സ്റ്റീല്‍ കൊളുത്ത് ഇടതുകണ്ണില്‍ കുരുങ്ങി കണ്‍പോള കീറി ദ്വാരം വീണ് ഗുരുതര മുറിവുകളോടെയാണ് കുട്ടി ആശുപത്രിയിലെത്തിയത്. കണ്ണുനീര്‍നാളിക്കും മുറിവേറ്റിരുന്നു. ജൂണ്‍ 27-നായിരുന്നു ഇത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഇടതു കണ്ണ് പൂര്‍ണമായും നീരു വന്ന് മൂടിയ അവസ്ഥയിലായിരുന്നു .
കണ്‍പോളകള്‍ തുന്നിച്ചേര്‍ത്തതിനൊപ്പം കണ്ണുനീര്‍ നാളിക്കുള്ളില്‍ സ്റ്റെന്റിട്ട് അതും തുന്നിച്ചേര്‍ത്തു. കേരളത്തില്‍ വളരെ ചുരുക്കം ചികിത്സാ കേന്ദ്രങ്ങളിലേ ഇത്തരം ചികിത്സകള്‍ക്ക് സൗകര്യമുള്ളൂ എന്നതാണ് മറ്റൊരു കാര്യം .
ഇത് എത്രത്തോളം അപകടമാണെന്ന് മനസിലാക്കിയ മുരളി തുമ്മാരുകുടി സംഭവത്തിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് .ഒരു സുഹൃത്തിന്റെ പോസ്റ്റില്‍ നിന്നാണ് ഇക്കാര്യം മുരളി തുമ്മാരുകുടി അറിയുന്നത് .അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ എത്രയും പെട്ടെന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ട് വരണമെന്നും മുരളി തുമ്മാരുകുടി ആവശ്യപ്പെട്ടു … അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കാം ….
ഇത് കുട്ടിക്കളിയല്ല…
കൊച്ചു കുട്ടികള്‍ക്ക് തൊട്ടിലുണ്ടാക്കാന്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്ന ലോഹം കൊണ്ടുള്ള കൊളുത്തില്‍ നിന്നും അനവധി കുട്ടികള്‍ക്ക് പരിക്ക് പറ്റിയതായി എന്റെ സുഹൃത്ത് സംഗീത് സുരേന്ദ്രന്റെ പോസ്റ്റ് കണ്ടു. അത്തരത്തില്‍ ഒരു സംവിധാനത്തിന്റെ ഫോട്ടോയും ഉണ്ടായ അനവധി അപകടങ്ങളുടെ പത്ര വാര്‍ത്തയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് ഒന്നാമത്തെ കമന്റില്‍ ഉണ്ട്.
ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അപകട സാധ്യതകളെ പറ്റി കുട്ടികള്‍ക്ക് ഒട്ടും അറിവില്ലാത്തതുകൊണ്ട് തന്നെ വീടുകളില്‍ തന്നെ കുട്ടികള്‍ക്ക് ധാരാളം അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. വികസിത രാജ്യങ്ങളില്‍ കുട്ടികള്‍ ഉണ്ടാകുന്നതിന് തൊട്ടുമുന്‍പ് വീട് മുഴുവന്‍ ‘ചൈല്‍ഡ് സേഫ്റ്റി ഓഡിറ്റ്’ നടത്താറുണ്ട്. ഉദാഹരണത്തിന് കുട്ടികള്‍ക്ക് കൈ എത്തുന്ന ഉയരത്തിലുള്ള ഇലക്ട്രിക് പ്ലഗുകള്‍ അടച്ചു വക്കുക, മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള അലമാരികള്‍ പിറകിലേക്ക് പിടിച്ചു കെട്ടുക, മേശയുടെ ഷാര്‍പ്പ് ആയ മൂലകളില്‍ സ്മൂത്ത് ആക്കുന്ന എഡ്ജ് ഗാര്‍ഡുകള്‍ ഉണ്ടാക്കുക എന്നിങ്ങനെ മാതാപിതാക്കള്‍ ചെയ്യേണ്ട അനവധി കാര്യങ്ങളുണ്ട്.
കൂടാതെ കുട്ടികള്‍ ഉപയോഗിക്കുന്ന ഓരോ കളിപ്പാട്ടത്തിലും വിഴുങ്ങാന്‍ സാധ്യതയുള്ള ചെറിയ കഷണങ്ങള്‍ ഒഴിവാക്കുക, കുട്ടികളുടെ കളിപ്പാട്ടത്തിലും വസ്ത്രത്തിലും കുഞ്ഞുങ്ങള്‍ക്ക് ഹാനികരമായ രാസവസ്തുക്കള്‍ ഉള്ള കളറിംഗ് വസ്തുക്കള്‍ ഇല്ലാതിരിക്കുക എന്നിങ്ങനെ അനവധി കാര്യങ്ങള്‍ നിയമപരമായി തന്നെ നോക്കാനുണ്ട്.
കേരളത്തില്‍ തല്‍ക്കാലം ഇങ്ങനെ നിയമങ്ങള്‍ ഒന്നുമില്ല എന്നു തോന്നുന്നു. ഏതു വകുപ്പിനാണ് ഇത്തരം വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുന്നത്?
തല്‍ക്കാലം ഇക്കാര്യങ്ങള്‍ നമ്മള്‍ തന്നെ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള ഒരു സംവിധാനം വീട്ടില്‍ ഉണ്ടെങ്കില്‍ ഇന്നു തന്നെ മാറ്റി സുരക്ഷിതമായ മറ്റെന്തെങ്കിലും ഉപയോഗിക്കുക. കുട്ടികള്‍ക്ക് അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള ഇത്തരം വസ്തുക്കള്‍ തീര്‍ച്ചയായും വാങ്ങി ഉപയോഗിക്കരുത്. അല്പം ലാഭത്തിനോ സൗകര്യത്തിനോ ചെയ്യുന്ന കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഭാവിയില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം. കുട്ടികള്‍ക്ക് വേണ്ടി ഏത് സാധനങ്ങള്‍ വാങ്ങുന്‌പോഴും സുരക്ഷ മനസ്സില്‍ ഉണ്ടായിരിക്കണം.
സര്‍ക്കാരും ഏറ്റവും വേഗത്തില്‍ ഇക്കാര്യങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണം.