ആൺ കുഞ്ഞിനെ പ്രസവിച്ചില്ല, ഭാര്യയെയും പെൺമക്കളെയും കിണറ്റിൽ തള്ളി യുവാവ്; മൂത്ത കുഞ്ഞിന് ദാരുണാന്ത്യം
ഭോപാൽ: ആൺകുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെയും മൂന്ന് പെൺമക്കളെയും യുവാവ് കിണറ്റിൽ തള്ളിയിട്ടു. സംഭവത്തിൽ മൂത്ത മകൾ മരിച്ചു. മധ്യപ്രദേശിലെ ഛതർപൂരിൽ ഞായറാഴ്ചയായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്റെ ക്രൂരതക്കിരയായ ഇളയ കുഞ്ഞിന് മൂന്നു മാസം മാത്രമായിരുന്നു പ്രായം.
ഭാര്യവീട്ടിൽനിന്നും കുടുംബത്തെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ഇയാൾ. വഴിമധ്യേ, ഒരു കിണറിന് സമീപം ബൈക്ക് നിർത്തി ഭാര്യയെയും മക്കളെയും കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. കിണറ്റിൽ കിടന്ന് നിലവിളിച്ച കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു. എന്നാൽ, മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി സാഹസികമായി കിണറ്റിൽനിന്നും പിടിച്ച് കയറി.
പ്രദേശവാസികൾ സഹായത്തിനായി എത്തിയപ്പോഴേക്കും മൂത്ത കുട്ടി മുങ്ങി മരിച്ചിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. ഇയാൾക്കെതിരെ തെരച്ചിൽ തുടങ്ങിയതായി പൊലീസ് പറഞ്ഞു. കൊല്ലുമെന്ന് ഏറെക്കാലമായി ഇയാൾ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.