keralaKerala NewsLatest News

എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്; ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക യോഗം ചേരും

യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ്, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണ പരാതികളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം യോഗം ചേരും. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് യോഗത്തിന് നേതൃത്വം നൽകും. സംഘത്തിൽ ഡിവൈഎസ്പിമാരായ എൽ. ഷാജി, എസ്. സാജൻ, വി. സാഗർ, ബിനോജ് എന്നിവരോടൊപ്പം വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരും ഉൾപ്പെടുത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴിയുള്ള സന്ദേശങ്ങളും ഫോൺ കോളുകളും സംബന്ധിച്ച തെളിവുകളുടെ ആധികാരികത പരിശോധിക്കുന്നതിനാണ് സൈബർ വിദഗ്ധരുടെ സേവനം. അന്വേഷണ രീതി സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ യോഗത്തിൽ എടുക്കും.

ആറ് പരാതിക്കാരുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. ഇവരോട് കൈവശമുള്ള തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് നോട്ടീസും നൽകും. രാഹുലിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ചിലർ ഇപ്പോഴും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. നിലവിലെ പരാതികളുടെ അടിസ്ഥാനത്തിൽ അവരെയും നേരിൽ കണ്ടു മൊഴിയെടുക്കാൻ പൊലീസ് പദ്ധതിയിടുന്നു. പുറത്ത് വന്ന സൈബർ തെളിവുകളും വിശദമായി പരിശോധിക്കും.

കഴിഞ്ഞ ദിവസം തന്നെ ക്രൈംബ്രാഞ്ച് അസാധാരണ വാർത്താക്കുറിപ്പ് പുറത്തിറക്കി. സ്ത്രീകളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്തതും, മാനസികമായി വേദനിപ്പിക്കുന്ന സന്ദേശങ്ങൾ അയച്ചതും, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതും, ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയതുമാണ് കേസിന്റെ അടിസ്ഥാനമെന്ന് വാർത്താക്കുറിപ്പിൽ പൊലീസ് വ്യക്തമാക്കി.

അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. രാഹുലിന്റെ അടുത്ത ബന്ധുക്കളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

Tag: Crime Branch intensifies investigation against MLA Rahul Mangkoottathil; Special meeting to be held at Crime Branch headquarters today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button